ഡൽഹി മന്ത്രി കൈലാഷ് ഗെഹലോട്ട് രാജിവെച്ചു

0

ഡല്‍ഹി ഗതാഗതമന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് മന്ത്രിസ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. രാജിക്കത്തിൽ പാർട്ടിക്കുള്ളിലെ ക്രമക്കേടുകളും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

ജനങ്ങളുടെ അവകാശങ്ങൾക്ക് പകരം, സ്വന്തം അജണ്ടക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ആരോപണം. യമുന ശുദ്ധീകരണം അടക്കമുള്ള വാഗ്ദാനങ്ങൾ പാലിക്കാനായില്ല. ഡൽഹി സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടിയാൽ ഡൽഹിക്ക് യഥാർഥ പുരോഗതി ഉണ്ടാകില്ലെന്നും രാജി കത്തിൽ ചൂണ്ടിക്കാട്ടി.

കെജ്രിവാളിൻ്റെ കാലത്ത് നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാൻ ബിജെപി ഉപയോഗിക്കുന്ന പദമായ “ശീഷ്മഹൽ” പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ നിരവധി വിവാദങ്ങളെ അദ്ദേഹം പരാമർശിച്ചു. ഇത്തരം വിവാദങ്ങള്‍ ആം ആദ്മിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് എത്തിക്കുന്നുവെന്നും ഗെഹ്ലോട്ട് പറഞ്ഞു.

ഡൽഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ഞാൻ എൻ്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്, അത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന്, ആം ആദ്മി പാർട്ടിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റ് വഴികളില്ലെന്നും ഗെഹ്ലോട്ട് രാജി കത്തിൽ പറയുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *