ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും; 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഉച്ചയോടെയാകും തീരം തൊടുക. 60 കി.മി മുതല്‍ 90 കിലോമീറ്റര്‍ വരെയാകും കാറ്റിന്റെ വേഗത. ഇന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചെന്നൈയില്‍ നിന്നുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും സജ്ജമാണ്. തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴ തുടരുകയാണ്. കടലിന് സമീപത്ത് താമസിക്കുന്ന നിരവധി പേരെ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
അതേസമയം കേരളാ തീരത്ത് ഇന്ന് മീന്‍പിടുത്തത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം. തെക്കന്‍ കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കടലില്‍ പോയ മീന്‍പിടുത്ത തൊഴിലാളികള്‍ എത്രയും വേഗം മടങ്ങിയെത്തണം. സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല.