2024-25 അധ്യയന വർഷത്തില്‍ 10, 12 ക്ലാസ്സുകളില്‍ ഓപ്പണ്‍ ബുക്ക് പരീക്ഷയെന്ന പ്രചാരണം തള്ളി സിബിഎസ്ഇ
സിലബസില്‍ 15 ശതമാനം കുറവ് വരുത്തി ഓപ്പണ്‍ ബുക്ക് പരീക്ഷയാണ് സിബിഎസ്ഇ നടത്തുകയെന്ന വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറിയിപ്പ്. വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും മുന്നറിയിപ്പ് നല്കുന്ന വിജ്ഞാപനം സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തിറക്കി. പരീക്ഷാ പാറ്റേണില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.2025ലെ ബോർഡ് പരീക്ഷ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വരുന്ന അറിയിപ്പുകള് മാത്രമേ വിശ്വസിക്കാവൂ എന്നാണ് സിബിഎസ്ഇ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും നല്കുന്ന നിർദേശം. നവംബർ അവസാനത്തോടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തിയ്യതി അറിയാം. സാധാരണയായി ഫെബ്രുവരി പകുതിയോടെയാണ് പരീക്ഷകള്‍ തുടങ്ങുക. കൃത്യമായ തിയ്യതി സിബിഎസ്ഇയുടെ വിജ്ഞാപനം വരുമ്ബോഴേ അറിയൂ.
സിബിഎസ്ഇ ബോർഡ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളില്‍ നേരത്തെ സിസിടിവി നിർബന്ധമാക്കി ഉത്തരവ് വന്നിരുന്നു. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. നിരീക്ഷണം കർശനമാക്കി പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു.പരീക്ഷാ കാലയളവിലുടനീളം കേന്ദ്രങ്ങളില്‍ ഉയർന്ന റെസല്യൂഷനുള്ള ദൃശ്യം തുടർച്ചയായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പരീക്ഷ നടക്കുന്ന ക്ലാസ് മുറികളുടെ പൂർണമായ ദൃശ്യം ലഭിക്കുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം. ഈ അധ്യയന വർഷത്തില്‍ രാജ്യത്താകെ 44 ലക്ഷം വിദ്യാർത്ഥികള്‍ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ എഴുതും. 8,000ത്തോളം സ്കൂളുകളിലായാണ് പരീക്ഷ നടക്കുക.