അമ്മു സജീവന്റെ മരണം; പ്രതികള്‍ റിമാന്‍ഡില്‍

0

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികള്‍ക്കും ജാമ്യമില്ല. പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികളെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അതേസമയം അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും.

അലീന ദിലീപ്,അഷിത A T, അഞ്ജന മധു എന്നിവരാണ് പ്രതികള്‍. പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസ്സപെടുത്താന്‍ ഇടപെട്ടേക്കുമെന്നും വാദിച്ചു. കേസിനു ഗൗരവ സ്വഭാവം എന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനില്‍ക്കുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇനി കസ്റ്റഡി കൊടുക്കരുതെന്നും ഇടക്കാല ജാമ്യം വേണമെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ ആവശ്യം. ആത്മഹത്യാപ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും പ്രതികളായ പെണ്‍കുട്ടികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ലോഗ് ബുക്ക് കാണാതായതില്‍ ദുരൂഹതയുണ്ടെന്നും അത് കണ്ടെത്താന്‍ ഇവരെ കസ്റ്റഡിയില്‍ വിടണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സി ഐ ഷിബു കുമാര്‍ കോടതിയെ അറിയിച്ചു. ജാമ്യം കൊടുത്താല്‍ പ്രതികള് തെളിവ് നശിപ്പിക്കും. മൊബൈല്‍ ഫോണില്‍ തെളിവുകള്‍ ഉണ്ട് – അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എന്‍എസ്എസ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ അരമണിക്കൂറിലധികം സമയം കഴിഞ്ഞാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അമ്മു താമസിച്ച ഹോസ്റ്റലില്‍ നിന്നും ജനറല്‍ ആശുപത്രിയിലേക്കുള്ള ദൂരം 2.6 കിലോമീറ്റര്‍ മാത്രമാണ് എന്നിരിക്കയാണ് ഈ സമയവ്യത്യാസം.

5.18 ന് ആശുപത്രിയില്‍ എത്തിച്ച അമ്മുവിനെ തിരുവനന്തപുരത്തേക്ക് റഫര്‍ വിട്ടത് 6.55 ന്. ഗുരുതരമായി പരുക്കേറ്റ അമ്മു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞത് ഒരു മണിക്കൂര്‍ 37 മിനിറ്റാണ്. ഇതിനിടയില്‍ ഗുരുതരാവസ്ഥയിലുള്ള അമ്മുവിന് എക്സ്റേ എടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിനും താമസം നേരിട്ടു. ഗുരുതരാവസ്ഥയിലുള്ള അമ്മുവിനെ 60 കിലോമീറ്റര്‍ ദൂരമുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേജിലേക്ക് റഫര്‍ ചെയ്യാതെ എന്തിന് നൂറു കിലോമീറ്ററില്‍ അധികം ദൂരമുള്ള തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തു എന്ന കാര്യത്തിലും ഇനിയും ഉത്തരം ലഭിക്കാനുണ്ട്. അമ്മുവിനെ കൊണ്ടുപോയ ആംബുലന്‍സില്‍ ആവശ്യത്തിനു സൗകര്യമില്ലായിരുന്നു എന്നും ആക്ഷേപമുണ്ട്. മാത്രമല്ല കേസില്‍ ആരോപണ വിധേയരായ മൂന്ന് കുട്ടികളില്‍ ഒരാളും അമ്മുവിനൊപ്പം ഹോസ്പിറ്റലില്‍ എത്തി. എല്ലാ ആരോപണങ്ങളും അന്വേഷണ പരിധിയില്‍ ഉണ്ടെന്നാണ് പൊലീസ് വിശദീകരണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *