ആംബുലൻസ് എത്തിക്കാൻ വൈകി; രക്തം വാർന്ന് യുവാവ് മരിച്ചു
തിരുവനന്തപുരത്ത് വാഹനം അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. നാട്ടുകാരും പൊലീസും നോക്കിനിൽക്കേയാണ് യുവാവിന് ജീവൻ നഷ്ടമായതെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 12.40 നാണ് മാറനല്ലൂർ മലവിള പാലത്തിന് സമീപം യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.അരമണിക്കൂറിൽ അധികമാണ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നത്. ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.അരമണിക്കൂറിൽ കൂടുതലാണ് ആളുകൾ അപകടത്തിൽപെട്ട യുവാവിനെ നോക്കി നിന്നത്.
വിവരം അറിഞ്ഞ് മാറനല്ലൂർ പൊലീസ് സംഭവസ്ഥലത്തെത്തിയത് 15 മിനിറ്റ് കഴിഞ്ഞാണ്, ഇതിനു ശേഷമാണ് ആംബുലൻസ് എത്തിച്ചത്.യുവാവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന് 35 മിനിറ്റിന് ശേഷമാണ് യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. 108 ആംബുലൻസ് സമരത്തിലായതിനാൽ സ്വാകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.