എഡിഎം നവീൻ ബാബുവിന്റെ മരണം; കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യ മൊഴിയിലെ വിവരങ്ങൾ അപൂർണ്ണമാണെന്ന് ആക്ഷേപം ഉയർന്നിരുന്നതോടെയാണ് വീണ്ടും കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്.നവീൻ ബാബു യാത്രയയപ്പിനുശേഷം ചേമ്പറിൽ എത്തി തെറ്റുപറ്റി എന്നു പറഞ്ഞിരുന്നതായി ആദ്യ മൊഴിയിൽ ഉണ്ട്. എന്നാൽ എന്താണ് പറ്റിയ തെറ്റ്? ഏത് സാഹചര്യത്തിലാണ് കലക്ടറെ കണ്ടത്? തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കലക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.
അതേസമയം, മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെ സിപിഐഎമ്മും സർക്കാരും പ്രതിരോധത്തിലായിരുന്നു. നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമെന്ന് സിപിഐഎമ്മും സർക്കാരും ആവർത്തിച്ച് വ്യക്തമാക്കുമ്പോഴാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നവീൻ ബാബുവിന്റെ മരണശേഷം അന്വേഷണത്തിൽ സംഭവിച്ച വീഴ്ചകൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു.