ടി ട്വന്റി വനിതാ ക്രിക്കറ്റ് ലോക കപ്പ്: ഇന്ത്യക്ക് തോല്വി
ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ അലസക്കളിയിൽ ഇന്ത്യ തോറ്റു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 58 റണ്ണിനാണ് തകർന്നടിഞ്ഞത്. പന്തിലും ഫീൽഡിലും ബാറ്റിലും ഒരുപോലെ മങ്ങിയ ഇന്ത്യക്ക് തുടക്കംതന്നെ പാളി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവി വനിതകൾ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇന്ത്യ 19 ഓവറിൽ 102 റണ്ണിന് കൂടാരം കയറി. 36 പന്തിൽ 57 റണ്ണുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ സോഫിയ ഡിവൈനാണ് കിവികളുടെ വിജയശിൽപ്പി.
തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണർമാരായ ഷഫാലി വർമയും (4 പന്തിൽ 2) സ്മൃതി മന്ദാനയും (13 പന്തിൽ 12) നിലയുറപ്പിച്ചില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (14 പന്തിൽ 15) നിരാശപ്പെടുത്തി. തുടർന്നെത്തിയവർക്കും പിടിച്ചുനിൽക്കാനായില്ല. കിവീസിനായി റോസ്-മേരി മയർ നാല് വിക്കറ്റെടുത്തു.നല്ല തുടക്കമായിരുന്നു കിവീസിന്. ഓപ്പണർമാരായ സൂസി ബേറ്റ്സും ജോർജിയ പ്ലിമ്മറും ചേർന്ന് പവർപ്ലേയിൽ റണ്ണൊഴുക്കി. ഇന്ത്യൻ ഫീൽഡർമാരുടെ മോശം പ്രകടനവും തിരിച്ചടിയായി. അരുന്ധതി റെഡ്ഡിയുടെ ഓവറിൽ ബേറ്റ്സിനെ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് വിട്ടുകളഞ്ഞു. മലയാളി സ്പിന്നർ ആശ ശോഭന എത്തിയതോടെയാണ് റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞത്. പിന്നാലെ 24 പന്തിൽ 27 റണ്ണെടുത്ത ബേറ്റ്സിനെ അരുന്ധതി പുറത്താക്കി. തൊട്ടടുത്ത ഓവറിൽ പ്ലിമ്മറെ (23 പന്തിൽ 34) ആശയും മടക്കി.
ഇതിനിടെ അമേലിയ കെറിന്റെ റണ്ണൗട്ട് അനുവദിക്കാത്തതിൽ ഇന്ത്യൻ ടീം അംഗങ്ങൾ അമ്പയറുമായി തർക്കത്തിലേർപ്പെട്ടു. ദീപ്തി ശർമ ഓവർ എറിഞ്ഞ് പൂർത്തിയാക്കിയശേഷം കിവി ബാറ്റർമാരായ കെറും ഡിവൈനും രണ്ടാം റണ്ണിനോടുകയായിരുന്നു. ഈ സമയം പന്ത് കൈയിലുണ്ടായിരുന്ന ഹർമൻപ്രീത് കീപ്പർക്ക് എറിഞ്ഞുകൊടുത്തു. കെറിനെ റണ്ണൗട്ടാക്കിയെങ്കിലും അമ്പയർ അനുവദിച്ചില്ല. ‘ഡെഡ് ബോൾ’ ആയതിനാൽ ഔട്ട് അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരെ ഹർമൻപ്രീതും സംഘവും തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല.
ഡിവൈനായിരുന്നു അവസാന ഓവറുകളിൽ ആക്രമണകാരി. ഏഴ് ഫോറാണ് ക്യാപ്റ്റൻ അടിച്ചത്. ആശയും രണ്ട് വിക്കറ്റെടുത്ത മീഡിയം പേസർ രേണുക സിങ്ങും മാത്രമാണ് ബൗളർമാരിൽ തിളങ്ങിയത്. നാളെ പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്ഥാൻ ആദ്യ കളിയിൽ ശ്രീലങ്കയെ 31 റണ്ണിന് തോൽപ്പിച്ചിരുന്നു.