ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി; 70,000 പേർക്ക് പ്രവേശനം

0

ശബരിമല ദർശനത്തിന് 10,000 പേർക്ക് സർക്കാർ സ്പോട്ട് ബുക്കിം​ഗ് നൽകിയേക്കും. പ്രതിദിനം വെർച്വൽ ക്യൂ ബുക്കിംഗ് 70,000 പേർക്ക് മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ തിരികെ പോകില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. 70,000 പേർക്കുള്ള ബുക്കിം​ഗ് ഓപ്പൺ ചെയ്തു. ബാക്കി എങ്ങനെ വേണമെന്ന് കൂടിയാലോചിച്ച് തീരുമാനിമെന്നും അദ്ദേഹം പറഞ്ഞു.


പി എസ് പ്രശാന്തിന്‍റെ വാക്കുകൾ

‘കഴിഞ്ഞ തവണത്തെ തിരക്ക് മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവേശനം പ്രതിദിനം 80,000 പേർക്കായി നിജപ്പെടുത്തി. ഇതിൽ 70,000 പേർക്കുള്ള പ്രവേശനം തുറന്നിട്ടുണ്ട്. ബാക്കി 10 000 പേരുടെ കാര്യം എങ്ങനെ വേണമെന്ന് കൂടിയാലോചിച്ച് തീരുമാനിക്കും. തീരുമാനം ഉടൻ ഉണ്ടാകും. ഒരു ഭക്തനും തിരിച്ച് പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. മണ്ഡലകാലത്ത് നട തുറക്കുന്നതിന് മുൻപേ തീരുമാനമുണ്ടാകും.ഇന്ന് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിരക്ക് സാധാരണമാണ്. നാളെ മേൽശാന്തിമാരുടെ തിരഞ്ഞെടുപ്പ് നടക്കും. സന്നിധാനത്തെ മേൽശാന്തി തിരഞ്ഞെടുപ്പിൽ 24 പേരാണ് പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശം നൽകി.’

നേരത്തെ, 80,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനമെന്നായിരുന്നു സർക്കാർ തീരുമാനിച്ചത്. എന്നാലിത് പ്രതിഷേധങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു. ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തീർഥാടകർക്ക് സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്താൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും നിയമസഭയിൽ വി ജോയിയുടെ സബ്മിഷനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *