എഡിഎം നവീന്‍ ബാബുവിന്റെ ഫോണില്‍ നിന്നും അവസാന സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്
എഡിഎം നവീന്‍ ബാബുവിന്റെ ഫോണില്‍ നിന്നും അവസാന സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പരുകളാണ് നവീന്‍ കലക്ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയച്ചത്. എന്നാല്‍ ഏറെ വൈകിയാണ് ഉദ്യോഗസ്ഥര്‍ ഈ മെസേജ് കണ്ടത്. അപ്പോഴേക്കും നവീന്‍ ബാബുവിന്റെ മരണവിവരം പുറത്ത് വന്നിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെത് ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീന്‍ ബാബുവിന്റെ മരണം സംഭവിച്ചത്. ഈ സമയത്തിനിടയിലാണ് ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പറുകള്‍ അയച്ച് നല്‍കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് ഫോണില്‍ നിന്നും സന്ദേശം അയച്ചത്.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി.
യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചതിനു ശേഷം നവീന്‍ബാബു ആകെ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹരജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.