കുല്‍ഗാമില്‍ വീണ്ടും ചെങ്കൊടി പാറി : കനലായി തിളങ്ങി തരിഗാമി
ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ എം സഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിക്ക് ഉജ്വല ജയം. വോട്ടെണ്ണൽ ഒരു റൗണ്ട് ബാക്കി നിൽക്കേ ലീഡ് 8000 കടന്നു. കുൽഗാമിലെ ജനങ്ങൾ തുടർച്ചയായി അഞ്ചാമത്തെ തവണയാണ് തരിഗാമിയെ വിജയിപ്പിക്കുന്നത്.
കേന്ദ്രത്തിലെ ബിജെപി സർക്കാർ ജമ്മു കശ്മീരിനോട് കാട്ടിയ അനീതികൾ എണ്ണിപ്പറഞ്ഞായിരുന്നു തരിഗാമിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. നാഷണൽ കോൺഫറൻസും കോൺഗ്രസുമാണ് തരിഗാമിക്ക് പിന്തുണ നൽകിയത്.സ്വതന്ത്ര സ്ഥാനാർഥി സയർ അഹമ്മദ് റഷിയും പിഡിപിയുടെ മുഹമദ് അമിൻ ധറുമായിരുന്നു പ്രധാന എതിരാളികൾ. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെയാണ് മുൻ നേതാവ് സയർ അഹമദ് റഷി സ്വതന്ത്രനായി മത്സരിച്ചത്. ബിജെപിയും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരു നിഴൽ സഖ്യമാണ് മണ്ഡലത്തിൽ നിലനിൽക്കുന്നത്.
1996ലാണ് കുൽഗാമിൽ നിന്ന് തരിഗാമി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2002, 2008, 2014 വർഷങ്ങളിലും ജയം ആവർത്തിച്ചു. 2019ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഘട്ടത്തിൽ മാസങ്ങളോളം വീട്ടുതടങ്കലിൽ കഴിഞ്ഞു. സുപ്രീംകോടതിയുടെ അനുമതിയോടെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തരിഗാമിയെ വീട്ടിലെത്തി കാണുകയും കശ്മീരുകാരുടെ ദുരവസ്ഥ കോടതിയെ അറിയിക്കുകയും ചെയ്തു. ഡൽഹിയിൽ എത്തിയ തരിഗാമി കശ്മീരിന്റെ പ്രത്യേക പദവിയുടെയും സംസ്ഥാന പദവിയുടെയും പുനസ്ഥാപനത്തിനായി ശക്തമായി വാദിച്ചു. ഇത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അവസാനം തെരഞ്ഞെടുപ്പ് നടന്ന 2014ൽ പിഡിപിയുടെ നസീർ അഹമ്മദ് ലാവെയെ തോൽപ്പിച്ചാണ് തരിഗാമി നാലാമതും എംഎൽഎയായത്.