കാസർഗോഡ് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ
ഓട്ടോ ഡ്രൈവറെ മർദ്ദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. കാസർഗോഡ് സ്റ്റേഷനിലെ എസ്ഐ പി. അനൂപിനെയാണ് സസ്പെൻഡ് ചെയ്തത്.ഓട്ടോ ഡ്രൈവറായ നൗഷാദിനെ മർദ്ദിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാണ് ജില്ലാ പോലീസ് മേധാവി അനൂപിനെതിരെ നടപടിയെടുത്തത്. നൗഷാദും യാത്രക്കാരും തമ്മിൽ കഴിഞ്ഞ ജൂണിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൗഷാദ് ടൗണ്‍ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് എസ്ഐ മർദ്ദിച്ചത്. ഓട്ടോ പിടിച്ചെടുക്കാനുള്ള ശ്രമവും എസ്ഐയുടെ ഭാഗത്തുനിന്നും ഉണ്ടായി. ഓട്ടോയുടെ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അനൂപ് നൗഷാദിനു നേരെ തട്ടിക്കയറുകയും ചെയ്തു.
തനിക്കുനേരെ കൈയേറ്റശ്രമം ഉണ്ടായെന്നും തന്റെ കഴുത്തിൽപിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാൻ എസ്ഐ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി നൗഷാദ് പോലീസിൽ പരാതി നൽകിയിരുന്നു.നൗഷാദിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നതിനു പിന്നാലായാണ് എസ്ഐ അനൂപിനെതിരെ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്. ഓട്ടോ ഡ്രൈവറായ അബ്ദുൾ നാസറിന്റെ ആത്മഹത്യയിലും ആരോപണവിധേയനാണ് അനൂപ്.