ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണം: സിപിഐഎം ജില്ലാ കമ്മിറ്റി
ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനത്തിനെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. തീരുമാനം സർക്കാർ പിൻവലിക്കണമെന്ന ആവശ്യം പാർട്ടി സംസ്ഥാന നേതൃത്വത്തെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. സ്‌പോട്ട് ബുക്കിംഗ് അനുവദിച്ചില്ലെങ്കിൽ ബിജെപിയടക്കമുള്ളവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നാണ് ജില്ലാ കമ്മിറ്റി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇത്തരത്തിൽ വിശ്വാസികൾക്കിടയിൽ എതിർപ്പുണ്ടാക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും സിപിഐഎം ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. വെർച്വൽ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കിൽ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞിരുന്നു. വെർച്വൽ ക്യൂ ഇല്ലാതെ ശബരിമലയിൽ ദർശനം നടത്താൻ ഭക്തരെ ബിജെപി സഹായിക്കുമെന്നും സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ തീരുമാനം പുനഃപരിശോധിക്കാനാണ് സർക്കാർ നീക്കം. ഓൺലൈൻ ബുക്കിംഗിനൊപ്പം സ്‌പോർട്ട് ബുക്കിംഗും നൽകാൻ സർക്കാർ ആലോചിക്കുന്നതായാണ് വിവരം. സ്‌പോട്ട് ബുക്കിംഗ് എണ്ണം കുറച്ചായിരിക്കും നടപ്പിലാക്കുക. ദിവസവും സ്‌പോട്ട് ബുക്കിംഗ് 5000 വരെ പരിമിതപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. മണ്ഡലകാലം ആരംഭിക്കുന്നത് വരെ സ്‌പോട്ട് ബുക്കിംഗ് ഉണ്ടെന്ന പ്രഖ്യാപനം നടത്തില്ല. നട തുറക്കുന്ന ദിവസങ്ങളിൽ പമ്പയിൽ അതിനുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം.