ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ ജില്ലയിലെ നെയ്യാര്‍ ഡാം, അരുവിക്കര, പേപ്പാറ അണക്കെട്ടുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരം, തെക്കന്‍ ലക്ഷദ്വീപ് പ്രദേശം അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടല്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.