റിസര്‍വേഷന്‍ കോച്ചിലെ കവര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ ബാധ്യസ്ഥർ; ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ
റിസര്‍വേഷന്‍ കോച്ചിലെ കവര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ ബാധ്യസ്ഥർ, ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് തീരുമാനം. യാത്രക്കാരന് 4.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. യാത്രക്കാരനെ മാനസികമായി ബുദ്ധിമുട്ടിച്ചതില്‍ 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും റെയില്‍വേയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സുദീപ് അഹ്‌ലുവാലിയയും രോഹിത് കുമാര്‍ സിങും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
ദിലീപ് കുമാര്‍ ചതുര്‍വേദി എന്ന യാത്രക്കാരന്‍ ഛത്തീസ്ഗഡ് സംസ്ഥാന ഉപഭോക്ത തര്‍ക്ക കമ്മീഷന്റെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ദേശീയ ഉപഭോക്തൃ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. യാത്രക്കാരന്‍ തന്റെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ആവശ്യത്തിനുള്ള മുന്‍കരുതലുകളെടുത്തിരുന്നുവെന്നും എന്നാല്‍ റിസര്‍വ് ചെയ്ത കോച്ചില്‍ പുറമെ നിന്നുള്ളവര്‍ കയറുന്നത് തടയാന്‍ ടിടിഇ-ക്കായില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
റിസര്‍വേഷന്‍ കോച്ചിലെ കവര്‍ച്ചമൂലം യാത്രക്കാരനുണ്ടായ നഷ്ടത്തിന് തങ്ങള്‍ ഉത്തരവാദികള്‍ അല്ലെന്നായിരുന്നു റെയില്‍വേയുടെ നിലപാട്. റെയില്‍വേ ആക്ടിലെ സെക്ഷന്‍ 100 അനുസരിച്ച് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലെ കവര്‍ച്ചയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യത ഇല്ലെന്നും റെയില്‍വേ വാദിച്ചിരുന്നു. എന്നാല്‍ ഇരു വാദങ്ങളും ദേശീയ കമ്മീഷന്‍ തള്ളുകയായിരുന്നു. പുറത്തുനിന്നുള്ളവര്‍ കമ്പാര്‍ട്ട്‌മെന്റില്‍ കടക്കുന്ന സാഹചര്യമുണ്ടായാല്‍ സെക്ഷന്‍ 100 പ്രസക്തമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
2017 മെയ് ഒമ്പതിന് അമര്‍കാന്തക് എക്‌സ്പ്രസിലായിരുന്നു സംഭവം. ഛതുര്‍വേദിയും കുടുംബവും കട്‌നിയില്‍ നിന്നും ദുര്‍ഗിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ സഞ്ചരിക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഛതുര്‍വേദിയുടെ 9.3 ലക്ഷം മൂല്യം വരുന്ന വസ്തുക്കള്‍ അടങ്ങുന്ന ലഗേജ് മോഷണം പോവുകയായിരുന്നു. പിന്നാലെ ഛതുര്‍വേദി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി.