pp ദിവ്യ വീണ്ടും കുരുക്കിൽ; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാര്‍ ഇടപാടുകളില്‍ ദുരൂഹത
കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്ന പൊതുമേഖലാ സ്ഥാപനമായ സില്‍ക്കും സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ കരാര്‍ ഇടപാടുകളില്‍ ദുരൂഹത.ധര്‍മ്മശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കാര്ട്ടന് ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. 2021 ജൂലൈ രണ്ടിനാണ് കമ്പനിയുടെ രൂപീകരണം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പൊതുമേഖല സ്ഥാപനമായ സില്‍ക്കില്‍ നിന്ന് ഈ കമ്പനി നേടിയെടുത്തത് കോടികളുടെ ഉപകരാറാണ്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയത് സ്വകാര്യ കമ്പനിക്കാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിന് ശേഷമായിരുന്നു ഇടപാടുകള്‍.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സില്‍ക്കിന് നല്കിയ 12 കോടി 81 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും ഉപകരാര്‍ നല്‍കിയത് ഈ കമ്പനിക്കാണ്. കരാര്‍ പ്രവര്‍ത്തികളില്‍ സില്‍ക്കിന് ഇതുവരെ ലഭിച്ചതാവട്ടെ 40 ലക്ഷത്തില്‍ താഴെ മാത്രം. ബാക്കിയുള്ള 12 കോടി 44 ലക്ഷം രൂപ കാര്ട്ടന് ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഐ സി ഐ സി ബാങ്ക് തളിപ്പറമ്പ് ശാഖയിലേക്ക് നല്‍കിയതായി വിവരാവകാശ രേഖകള്‍ പറയുന്നു. കാസര്‍കോട്,വയനാട് ജില്ലാ പഞ്ചായത്തുകളുടെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തികളും ഈ കമ്പനി ഉപകരാര്‍ എടുത്തിട്ടുണ്ട്. കമ്പനി എം ഡി സിപിഐഎം പ്രവര്‍ത്തകനായ മുഹമ്മദ് ആസിഫ് എന്നയാളാണ്. 2020 ഡിസംബര്‍ ഇരുപതിനാണ് പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തത്. പിന്നാലെയാണ് ഈ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം ജില്ലാ പഞ്ചായത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി നല്കിയ മുഴുവന്‍ കരാറുകളിലും ഉപകരാര്‍ ഏറ്റെടുത്തത് ഈ കമ്പനിയാണ്. കമ്പനിക്ക് പിന്നില്‍ സിപിഐഎം നേതാക്കളാണെന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉയര്‍ത്തിയിട്ടുണ്ട്.