‘ഔദ്യോഗിക പരിപാടിയിൽ ജീൻസും ടീഷർട്ടും ധരിച്ചെത്തുന്നു’; ഉദയനിധി സ്റ്റാലിനെതിരെ ഹർജി
തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പൊതുപരിപാടികളിൽ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി. ഉപമുഖ്യമന്ത്രി എന്ന നിലയിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ ഔപചാരിക വസ്ത്രധാരണരീതി പാലിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം സത്യകുമാറാണ് കോടതിയെ സമീപിച്ചത്.
ഔദ്യോഗിക പരിപാടികളിൽ ടീ ഷർട്ടും ജീൻസും ധരിച്ചാണ് ഉദയനിധി സ്റ്റാലിൻ പ്രത്യക്ഷപെടാറുളളത്. സർക്കാർ ഉദ്യോഗസ്ഥർക്കായി 2019-ൽ തമിഴ്‌നാട് സർക്കാർ ഇറക്കിയ ഡ്രസ് കോഡ് ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉദയനിധി ധരിക്കുന്ന ടീ ഷർട്ടുകളിൽ ഡിഎംകെയുടെ ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നതും നിയമലംഘനമാണ്.
സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പടെയുള്ളവർ സർക്കാർ യോഗങ്ങളിൽ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഉദയനിധി സ്റ്റാൻലിൻ വിസമരിക്കുകയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജി വൈകാതെ കോടതി പരിഗണിക്കും.