വിപണിയിൽ പുത്തൻ ചുവടുമായി പെപ്സിയും കൊക്ക കോളയും
കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ പെപ്സിയും കൊക്ക കോളയും തീരുമാനിച്ചു.റിലയൻസിൽ നിന്ന് നേരിടുന്ന കനത്ത വെല്ലുവിളി മറികടക്കാനാണ് ഈ പദ്ധതി. റിലയൻസിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പനങ്ങൾ കുറഞ്ഞ നിരക്കിൽ വിറ്റഴിച്ച് രാജ്യത്തെ പ്രാദേശിക വിപണിയിൽ ആധിപത്യം സ്ഥാപിച്ചതോടെയാണ് ഈ നീക്കം.
പത്തു രൂപയുടെ ഗ്ലാസ് ബോട്ടിൽ പാനീയങ്ങൾ പുറത്തിറക്കാൻ ആണ് കൊക്കക്കോള ആലോചിക്കുന്നത് എന്നാണ് വിവരം. പ്രധാനമായും ടയർ ടൂർ നഗരങ്ങളിലാവും ഈ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക. ഇതിനുപുറമെ പ്രാദേശിക ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കാനും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ നേരിട്ട് അറിവുള്ള ആളുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊക്ക കോളയോ പെപ്സിയോ ഇതുവരെ ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല.200 മില്ലി ലിറ്ററിന്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പന്നങ്ങൾ 10 രൂപയ്ക്കാണ് റിലയൻസ് വിൽക്കുന്നത്. അതേസമയം കൊക്ക കോള, പെപ്സികോ ഉൽപ്പന്നങ്ങൾക്ക് 250 മില്ലി ലിറ്ററിന് ₹20 രൂപയാണ് വില. ഇതാണ് ഈ കമ്പനികളുടെ ഏറ്റവും ചെറിയ ഉത്പന്നം. 500 മില്ലി ലിറ്ററിന്റെ ക്യാമ്പ ഉൽപ്പന്നം 20 രൂപയ്ക്ക് ലഭിക്കുമ്പോൾ ഇത്രതന്നെ അളവിലുള്ള കൊക്ക കോളയ്ക്ക് 30 രൂപയും പെപ്സിക്ക് 40 രൂപയും നൽകണം.