ഡി.എം.കെ.യില്‍ ഭിന്നത,അൻവറിൻ്റെ നിലപാടിൽ പ്രതിഷേധം; ജില്ലാസെക്രട്ടറി രാജിവെച്ചു

0

കേരള ഡിഎംകെ പാര്‍ട്ടിയില്‍ ഭിന്നത. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കാനുള്ള പി വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ സെക്രട്ടറി ബി ഷമീര്‍ സ്ഥാനം രാജിവെച്ചു. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഷമീറിന്റെ തീരുമാനം. അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക നല്‍കി.


‘മൂന്ന് മുന്നണികള്‍ക്കും എതിരായിരുന്നല്ലോ. അവസാനം നമ്മള്‍ ഒന്നും അല്ലാതാവുന്നു. നമ്മള്‍ മോശക്കാരായി. അവസാനം ഒറ്റപ്പെട്ട രീതിയിലേക്ക് മാറിയിരിക്കുകയാണ്. അഞ്ച് മാസത്തോളമായി ഒരുപാടുപേര്‍ ഡിഎംകെയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. നല്ല രീതിയില്‍ പരിപാടികള്‍ നടത്തി. അവസാനം പി വി അന്‍വര്‍ സ്റ്റേജില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നു. ഈ മൂന്ന് മുന്നണികള്‍ക്കും പിന്തുണ നല്‍കാനല്ലല്ലോ ഞങ്ങള്‍ വന്നത്’, ബി ഷമീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥി മിന്‍ഹാജിനെ പിന്‍വലിച്ച് അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതില്‍ പാര്‍ട്ടിക്കകത്ത് അതൃപ്തിയുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നുമാണ് പി വി അന്‍വര്‍ പ്രഖ്യാപിച്ചത്. അതേസമയം ഷമീറിനെതിരെ അന്‍വര്‍ രംഗത്തെത്തിയിട്ടുണ്ട്. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവും ഇല്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും അന്‍വര്‍ പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *