രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ

0

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഉത്തരവാദിത്വമുള്ള നേതാവുമായ പി സരിന്‍ സ്ഥാനങ്ങളെല്ലാം രാജിവെക്കുമെന്നാണ് വിവരം. സരിന്‍ ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾ അവഗണിച്ചെന്നാണ് ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് സരിന്‍ കോണ്‍ഗ്രസ് പദവികള്‍ രാജി വെച്ചേക്കുമെന്നാണ് സൂചന. ചിലപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയുണ്ട്. എല്‍ഡിഎഫും ബിജെപിയും കൂടെ കൂട്ടാനും ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

പാലക്കാട് ജില്ലയോട് ചേര്‍ന്നു കിടക്കുന്ന ചേലക്കര നിയമസഭ മണ്ഡലത്തിലെ തിരുവില്ലാമല സ്വദേശിയായ സരിന്‍ ഇക്കുറി പാലക്കാട് സീറ്റ് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സരിന്റെ പേര് പരിഗണിക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലെന്ന പേരിലേക്ക് പ്രതിപക്ഷ നേതാവ് പോലും എത്തിയെന്നാണ് സരിന്റെയും സരിനൊപ്പം നില്‍ക്കുന്നവരുടെയും പരാതി. ഒന്നുകില്‍ വിമത സ്ഥാനാര്‍ത്ഥിയാവുക, അല്ലെങ്കില്‍ ഏതെങ്കിലും മുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാവുമോയെന്നാണ് സരിന്‍ ക്യാംപ് ആലോചിക്കുന്നത്. സരിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റുമോ എന്നതില്‍ എല്‍ഡിഎഫും കാര്യമായ ആലോചന ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

അടുത്ത മാസം 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണല്‍ നടക്കും. കൂടാതെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പും നവംബര്‍ 23 ന് വോട്ടെണ്ണലും നടക്കും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13 നും 20 നും വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed