വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
നീരറിവ്’: ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിന് ജില്ലയിൽ തുടക്കമായി
സംസ്ഥാന ഭൂജല വകുപ്പ് ‘നീരറിവ്’ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിന് ജില്ലയിൽ തുടക്കമായി. നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് വിവരശേഖരണം. വരൾച്ച പ്രതിരോധം, പ്രളയക്കെടുതികളെ അതിജീവിക്കൽ, ജലസംരക്ഷണം വഴി കാർഷിക മേഖലയുടെ വളർച്ച തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.
നീരറിവ് മൊബൈൽ ആപ്പിന്റെ പരിശീലനം കൂത്തുപറമ്പ്, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ പൂർത്തിയായി. കണ്ണൂർ, പാനൂർ, തലശ്ശേരി ബ്ലോക്കുകളിൽ പൂർത്തീകരിക്കാൻ ബാക്കിയുള്ള വാർഡുകളിലാണ് ഈ വർഷം വിവരശേഖരണം നടത്തുക. പൊതു, സ്വകാര്യ ഇടങ്ങളിലെ മുഴുവൻ ജല സ്രോതസ്സുകളും മാപ്പ് ചെയ്ത് വിവര ശേഖരണം നടത്തും. 2025 ഫെബ്രുവരിയോടെ പദ്ധതി പൂർത്തീകരിക്കും. ഭൂജല സ്രോതസ്സുമായി ബന്ധപ്പെട്ട് കുടുംബശ്രീ പ്രവർത്തകർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസർ അറിയിച്ചു.
സ്വയം തൊഴിൽ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 21 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവരും വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാത്തവരുമായ തൊഴിൽ രഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പത്ത് ലക്ഷം രൂപ 25 ശതമാനം സബ്‌സിഡിയിൽ വായ്പ നൽകുന്ന മൾട്ടിപർപ്പസ് സർവീസ് സെന്റേഴ്‌സ്/ ജോബ് ക്ലബ് പദ്ധതി പ്രകാരമാണ് അവസരം. താൽപര്യമുള്ളവർക്ക് തലശ്ശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അപേക്ഷാ ഫോറം ലഭിക്കും. ഫോൺ: 04902327923
റെയിൽവെ ഗേറ്റ് അടച്ചിടും
എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻ.എച്ച് -നടാൽ (നടാൽ ഗേറ്റ്) ലെവൽ ക്രോസ് ഒക്ടോബർ എട്ടിന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും.
സിവിൽ സർവീസ് പരിശീലനം
സിവിൽ സർവീസ് പരീക്ഷയ്ക്കാവശ്യമായ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും 30 വയസ്സിന് താഴെയുള്ളവരും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തീകരിച്ചവരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സെമസ്റ്റർ സമ്പ്രദായത്തിൽ ബിരുദ പഠനം നടത്തിയവരാണെങ്കിൽ അവസാന സെമസ്റ്ററിനു തൊട്ടു മുമ്പു ഫലം പ്രഖ്യാപിച്ച സെമസ്റ്റർ പരീക്ഷകളിലെല്ലാം 50 ശതമാനം മാർക്കോടെ വിജയിക്കണം. 2023-2024 വർഷം സിവിൽ സർവീസ് പരീക്ഷാ പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റ്, ജാതി-വരുമാന സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഒക്ടോബർ 11 ന് അഞ്ചിനകം നേരിട്ടോ, തപാൽ മാർഗ്ഗമോ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695033 വിലാസത്തിൽ ലഭിക്കണം.
മൃഗസംരക്ഷണ മേഖലയിൽ കുടുംബശ്രീയും
മൃഗസംരക്ഷണ വകുപ്പിൽ അംഗീകാരമുള്ള വളണ്ടിയർമാരാകാനുള്ള എ ഹെൽപ്പ് പരിശീലനം പദ്ധതി വഴി മൃഗസംരക്ഷണ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. പരിശീലനം ലഭിച്ച 11 കുടുംബശ്രീ പ്രവർത്തകർക്ക് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുൽത്താൻ ബത്തേരി, കണ്ണൂർ ലൈവ് സ്റ്റോക്ക് മാനേജുമെന്റ് ട്രെയിനിങ് സെന്ററുകളിലെ പതിനാറു ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം, എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയ്ക്കു ശേഷമാണ് എ ഹെൽപ്പ് വോളണ്ടിയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
മൃഗാശുപത്രികൾ നടത്തുന്ന സർവേകൾ, ഇൻഷുറൻസ് ടാഗിങ്, കന്നുകാലികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തൽ, പ്രതിരോധ കുത്തുവെപ്പ് ക്യാമ്പുകളുടെ സംഘാടനം, കർഷകർക്ക് ബോധത്കരണം, ഇയർ ടാഗിങ്, അസുഖം റിപ്പോർട്ട് ചെയ്യൽ, തെരുവ് നായ നിയന്ത്രണം, പേവിഷബാധ നിയന്ത്രണം എന്നിവയാണ് പരിശീലനം ലഭിച്ചവരുടെ പ്രവർത്തന മേഖല.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തിക അല്ലെങ്കിൽ അതിന്റെ ഉയർന്ന തസ്തികയിൽ കോടതികളിൽ നിന്നോ, കോടതിയുടെ സമാനതയുള്ള വകുപ്പുകളിൽ നിന്നോ, മറ്റു സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ചവരായിരിക്കണം. 62 വയസ്സ് പൂർത്തിയാകാൻ പാടില്ല. കോടതികളിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, യോഗ്യത, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ തസ്തികയിലേക്കും തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് മുൻഗണനാ ക്രമത്തിലായിരിക്കും നിയമനം. ബയോഡാറ്റ (മൊബൈൽ നമ്പറും ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ) വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ ഒമ്പതിന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ജില്ലാ ജഡ്ജ്, ജില്ലാ കോടതി സമുച്ചയം, തലശ്ശേരി, 670101 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ നൽകാം. ഫോൺ: 0490 2341008
ലോഗോ പ്രകാശനം
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഒക്ടോബർ 25 മുതൽ 28 വരെ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം-24 ന്റെ ലോഗോ പ്രകാശനം ഒക്ടോബർ ഒമ്പതിന് ഉച്ചക്ക് 12ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവ്വഹിക്കും.
സ്‌കിൽ സെന്റർ കോ-ഓർഡിനേറ്റർ നിയമനം
സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. എം.ബി.എ/എം.എസ്.ഡബ്ല്യൂ/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 20 മുതൽ 35 വയസ് വരെ. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, കോപ്പി സഹിതം ഒക്ടോബർ 14 ന് രാവിലെ 10.30 ന് സമഗ്രശിക്ഷാ കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972707993.