വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0

ആട് വസന്ത രോഗപ്രതിരോധ കുത്തിവെപ്പ്: ജില്ലാതല ഉദ്ഘാടനം 18ന്

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ആട് വസന്ത രോഗപ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബർ 18ന് രാവിലെ 11.30ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കും.
ആട് വസന്ത പ്രതിരോധ കുത്തിവെപ്പ് പദ്ധതി ഒന്നാം ഘട്ടം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ  ഒക്ടോബർ 18 മുതൽ നവംബർ അഞ്ച് വരെയുള്ള 15 പ്രവൃത്തിദിവസങ്ങളിലാണ് നടത്തുന്നത്. നാല് മാസത്തിനു മുകളിൽ പ്രായമായ ആട്/ചെമ്മരിയാട് എന്നിവക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നു.
ആടുകളിലും ചെമ്മരിയാടുകളിലും വൈറസ് കൊണ്ട് ഉണ്ടാകുന്ന പകർച്ചവ്യാധിയാണ് ആട് വസന്ത. രോഗം ആടുകളിലും ചെമ്മരിയാടുകളിലും  ഉയർന്ന രോഗാവസ്ഥക്കും (100%) മരണത്തിനും (90%) കാരണമാകുന്നു. തന്മൂലം കർഷകർക്ക് സാമ്പത്തികനഷ്ടം ഉണ്ടാവുകയും ഉപജീവനമാർഗ്ഗം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു.
പനി (104 മുതൽ 105 ഡിഗ്രി ഫാരൻഹീറ്റ് വരെ), വരണ്ട ചർമ്മം, വരണ്ട മൂക്ക്, വിശപ്പില്ലായ്മ, കഫക്കെട്ട്, മൂക്കിലും വായിലും വ്രണങ്ങൾ, കണ്ണീൽ നിന്നും മൂക്കിൽ നിന്നും സ്രവങ്ങൾ, വയറിളക്കം, ന്യുമോണിയ എന്നിവയാണ് രോഗലക്ഷണങ്ങൾ. ഗുരുതരമായി രോഗം ബാധിച്ച ആടുകളിലും ചെമ്മരിയാടുകളിലും വളരെ പെട്ടെന്ന് മരണം സംഭവിക്കുന്നു.
ഈ രോഗത്തിന് ചികിത്സ ഇല്ലാത്തതിനാൽ വാക്‌സിനേഷൻ വഴി മാത്രമേ രോഗം നിയന്ത്രിക്കാൻ കഴിയൂ.   ഇത് മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം മാത്രമല്ല, മൃഗോൽപ്പന്നങ്ങളുടെ മികച്ച ഉൽപ്പാദനക്ഷമതയ്ക്കും സ്വീകാര്യതയ്ക്കും കാരണമാകുന്നു.

എലിപ്പനി: ബോധവത്കരണം ഊർജിതമാക്കി

ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എലിപ്പനി ബോധവൽക്കരണ പരിപാടികൾ ജില്ലയിൽ ഊർജിതമാക്കി. ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർമാർക്ക് ബോധവത്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സർവേലൻസ് ഓഫീസർ  ഡോ. കെ സി സച്ചിൻ ക്ലാസ്സെടുത്തു. ജില്ലയിലെ 110 ഓളം പ്രോഗ്രാം ഓഫീസർമാർ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി. സുധീഷ് എന്നിവർ സംസാരിച്ചു.
കണ്ണൂർ ജില്ലയിൽ നിലവിൽ ഈ വർഷം ആകെ സ്ഥിരീകരിച്ച എലിപ്പനി കേസുകൾ 139 ആണ്. നിലവിൽ ഒമ്പത് മരണങ്ങൾ സ്ഥിരീകരിച്ചു. എലിപ്പനി സംശയാസ്പദമായ 67 കേസുകളും നാല് മരണങ്ങളും ഉണ്ടായിട്ടുണ്ട്.

ജൻഡർ ഹെൽപ് ഡസ്‌കിന് വീട് ആവശ്യമുണ്ട്

കുടുംബശ്രീ ജില്ലാ മിഷൻ ജൻഡർ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌നേഹിത ജൻഡർ ഹെൽപ് ഡസ്‌കിന്റെ നടത്തിപ്പിന് ചുറ്റുമതിലോടുകൂടി 4 ബിഎച്ച്‌കെ സൗകര്യമുള്ള വീട് വാടകക്ക് ആവശ്യമുണ്ട്. കണ്ണൂർ ടൗൺ പരിധിയിൽ നിന്നും ഒരു കിലോ മീറ്റർ ചുറ്റളവിലായിരിക്കണം. മുൻഗണന -ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, കാൽടെക്‌സ് പരിസരം. ഫോൺ: 04972 702080

വിദ്യാലയങ്ങൾക്ക് നക്ഷത്ര പദവി: മാർഗരേഖയായി

ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഹരിത, ശുചിത്വ പ്രവർത്തനങ്ങൾ പരിഗണിച്ച് നൽകുന്ന നക്ഷത്ര പദവിക്കുള്ള മാർഗരേഖ പുറത്തിറക്കിയതായി ഹരിത കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു. 2025 മാർച്ച് 30 നകം സമ്പൂർണ ശുചിത്വ സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹരിത വിദ്യാലയപ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങൾ തയ്യാറാക്കുന്ന സ്വയം വിലയിരുത്തൽ റിപ്പോർട്ട് അടിസ്ഥാനമാക്കി നക്ഷത്ര പദവി സമ്മാനിക്കും. സുസ്ഥിരമായ ഹരിത-ശുചിത്വ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി ഫൈവ് സ്റ്റാർ വരെ നക്ഷത്ര പദവികൾ വിദ്യാലയങ്ങൾക്ക് സമ്മാനിക്കും. നവംബർ ഒന്നിനും ഡിസംബർ 31നും രണ്ട് ഘട്ടങ്ങളിലായി ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളിൽ നിന്നാണ് നക്ഷത്ര പദവിക്കർഹമായ വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുക.

ഹരിത -ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് നേരിടുന്ന വിടവുകൾ വിദ്യാലയ പി.ടി.എ യോഗങ്ങൾ പ്രത്യേകം വിളിച്ചു ചേർത്ത് ചർച്ച ചെയ്തു പരിഹരിക്കണം. അലൂമ്‌നി അസോസിയേഷനുകൾ, വ്യത്യസ്ത സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിവിധ കർമ്മ പരിപാടികൾ തയ്യാറാക്കി നടപ്പിലാക്കണം. വിദ്യാലയങ്ങളിലെ മാലിന്യ സംസ്‌കരണ മേഖലയിലെയും ഹരിതാവസ്ഥയുടെയും പ്രയാസങ്ങളും പിന്നോക്കാവസ്ഥയും പി.ടി.എ കണ്ടെത്തി പ്രാദേശിക വിദ്യാഭ്യാസ സമിതിക്ക് കൈമാറണം. ഇതിനായി സ്വയം വിലയിരുത്തൽ ഓരോ വിദ്യാലയവും നടത്തണം. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ രുപീകരിക്കുന്ന സമിതിയാണ് വിദ്യാലയങ്ങൾ തയ്യാറാക്കുന്ന സ്വയം വിലയിരുത്തൽ രേഖ നിരീക്ഷിക്കുക.

നവംബർ ഒന്ന് ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളിലാണ് ബ്ലോക്ക് തല ടീം ആദ്യഘട്ടത്തിൽ സന്ദർശനം. കമ്മറ്റി തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകുന്ന പോയിന്റുകൾ പരിഗണിച്ച് വിദ്യാലയങ്ങൾക്ക് നക്ഷത്ര പദവി സമ്മാനിക്കും.
ജനവരി 26 ന് നടക്കുന്ന ജില്ലാതല പരിപാടിയിൽ നക്ഷത്ര പദവി സമ്മാനിക്കുമെന്നും ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.

കണ്ണൂർ മണ്ഡലം ജനകീയ സദസ്സ്: പയ്യാമ്പലത്തേക്ക് ബസ് റൂട്ടുകൾക്ക് ആവശ്യം

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ബസ് സർവ്വീസ് ഇല്ലാത്ത ഗ്രാമീണ മേഖലകളെ ടൗണുമായി ബന്ധപ്പെടുത്താനും ലാഭകരമായ പുതിയ റൂട്ടുകൾ നിശ്ചയിക്കാനുമായി ജനകീയ സദസ്സ് നടത്തി. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള അധ്യക്ഷത വഹിച്ചു.
ബസ് റൂട്ട് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ലഭിച്ചു. നിരവധി ആളുകൾ ടൂറിസ്റ്റുകളായും പൊതുശ്മശാനത്തിലേക്കും എത്തുന്ന കണ്ണൂർ പയ്യാമ്പലത്തേക്ക് ബസ് റൂട്ടുകൾ അനുവദിച്ച് ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കപ്പെടണമെന്ന് ജനകീയ സദസ്സിൽ ആവശ്യമുയർന്നു. കണ്ണൂർ-തോട്ടട ഭാഗത്തേക്ക് രാത്രി 10 മണി വരെ ബസുകൾ സർവ്വീസ് നടത്തണമെന്ന നിർദ്ദേശം ഉൾപ്പെടെ ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചു. ആർടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ, ജോയിൻറ് ആർടിഒ വിനോദ്കുമാർ, എംവിഐ റിജിൻ എൻ.ആർ. എന്നിവർ സംസാരിച്ചു.

കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ്

കൈ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ അർത്തുങ്കൽ പള്ളി തീർഥയാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ന് വൈകിട്ട് പുറപ്പെട്ട് 27 ന് രാവിലെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. ഒരാൾക്ക് 2170 രൂപയാണ് യാത്ര ചിലവ്.  പയ്യന്നൂരിൽ നിന്നും വയനാട് ടൂർ പാക്കേജ് ഒക്ടോബർ 27 മുതൽ പുനരാരംഭിക്കും. എൻ ഊര്, ബാണാസുര സാഗർ ഡാം, കർലാട് തടാകം, ഹണി മ്യൂസിയം, എന്നിവയാണ് വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് 930 രൂപയാണ് യാത്രാ ചിലവ്. ഭക്ഷണം ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ യാത്രക്കാർ വഹിക്കണം. ഫോൺ: 8075823384, 9745534123

പ്രീമെട്രിക് സ്‌കോളർഷിപ്പ്: തീയതി നീട്ടി

സർക്കാർ/സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിഎം യശസ്വി ഒ.ബി.സി, ഇ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയുടെ ഡാറ്റാ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. വിദ്യാർഥികളിൽനിന്ന് ലഭ്യമാകുന്ന അപേക്ഷകൾ സ്‌കൂൾ പ്രധാനധ്യാപകർ ഒക്ടോബർ 31 ന് മുമ്പ് ഡാറ്റാ എൻട്രി പൂർത്തിയാക്കി ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടൽ മുഖേന പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ലഭ്യമാക്കണം. വിവരങ്ങൾ www.egrantz.kerala.gov.in പോർട്ടലിൽ ലഭിക്കും.

അഭിമുഖം

ഒക്ടോബർ ഒമ്പതിന് നടത്താൻ നിശ്ചയിച്ചിരുന്ന കണ്ണൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (പാർട്ട് ഒന്ന് നേരിട്ടുള്ള നിയമനം-കാറ്റഗറി നം.716/2022) ആന്റ് പാർട്ട് രണ്ട് ബൈ ട്രാൻസ്ഫർ (കാറ്റഗറി നം.717/2022) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പ്, അഭിമുഖം എന്നിവ ഒക്ടോബർ 23 ന് കെപിഎസ്‌സി കണ്ണൂർ ജില്ലാ ആഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്.  ഉദ്യോഗാർഥികൾ നിലവിൽ ലഭ്യമായ ഇന്റർവ്യൂ മെമ്മോയും, ബയോഡാറ്റാ പ്രഫോർമ, കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഒടിവി സർട്ടിഫിക്കറ്റ് എന്നിവയുഒ സഹിതം ഒക്ടോബർ 23 ന് രാവിലെ 6.30 ന് ജില്ലാ ആഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ എം ഐ എസ് ഡാറ്റ അനലിസ്റ്റ് ഫിനാൻഷ്യൽ സർവീസ്, ടെലി ഹെൽത്ത് സർവീസ് കോ ഓർഡിനേറ്റർ, ഫുഡ് സ്‌റ്റൈലിങ് ഫോട്ടോഗ്രാഫി, ഇലക്ട്രോണിക് മെഷീൻ മെയിന്റനൻസ് എക്സിക്യൂട്ടീവ്, ഇൻഫ്രാസ്ട്രക്ചർ ടെക്നിഷ്യൻ (ഫൈവ് ജി നെറ്റ് വർക്ക്), സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് എന്നീ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി. പ്രായപരിധി 45 വയസ്സ്. ഫോൺ: 7907413206, 8547731530

അഭിമുഖം

കണ്ണൂർ ജില്ലയിൽ കേരള മുനിസിപ്പൽ കോമൺ സർവ്വീസിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് (നേരിട്ടുള്ള നിയമനം-കാറ്റഗറി നം.494/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ ഒക്ടോബർ 10ന് നിശ്ചയിച്ചിരുന്ന അഭിമുഖം ഒക്ടോബർ 25 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.  ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്.  ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോർമ എന്നിവ അവരുടെ പ്രൊഫൈലിൽ ലഭിക്കും.  ഉദ്യോഗാർഥികൾ കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ, ഡൗൺ ലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 25 ന് അനുവദിക്കപ്പെട്ട സമയത്ത് ജില്ലാ ആഫീസിൽ ഹാജരാകണം.

ലേലം

കെ എസ് ബി സി ഡി സി, ബാങ്ക് വായ്പാ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശം റി.സ ഒന്നിൽപ്പെട്ട 0.0324 ഹെക്ടർ വസ്തുവും അതിൽ ഉൾപ്പെട്ട XV I I I /431  നമ്പർ കെട്ടിടവും ഒക്ടോബർ 28ന് രാവിലെ 11 ന് നുച്യാട് വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കും. വിവരങ്ങൾ നുച്യാട് വില്ലേജ് ഓഫീസ്, ഇരിട്ടി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *