വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

0
തരംമാറ്റൽ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം 25ന് കണ്ണൂരിൽ

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി സർക്കാർ നടത്തുന്ന തരംമാറ്റൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബർ 25ന് രാവിലെ 10 മണിക്ക് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിക്കും.
ഒക്‌ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് അടിസ്ഥാനത്തിൽ തരംമാറ്റൽ അദാലത്തുകൾ നടക്കും. ആഗസ്റ്റ് 31 വരെ അപേക്ഷ ലഭിച്ചതും സൗജന്യമായി അനുവദിക്കേണ്ടതുമായ 25 സെൻറിൽ താഴെ ഭൂമി സംബന്ധിച്ച ഫോറം അഞ്ച്, ഫോറം ആറ് അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുക. ഉദ്ഘാടന ദിനത്തിൽ കണ്ണൂർ താലൂക്കിലെ തരംമാറ്റൽ അദാലത്ത് നടക്കും.
തളിപ്പറമ്പ് താലൂക്ക് തല തരംമാറ്റൽ അദാലത്ത് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ഒക്‌ടോബർ 26ന് നടക്കും. തലശ്ശേരി താലൂക്ക് തല അദാലത്ത് നവംബർ രണ്ടിന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലും പയ്യന്നൂർ താലൂക്ക് തല അദാലത്ത് നവംബർ ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് വളപ്പിലും നടത്തും. ഇരിട്ടി താലൂക്ക് തല അദാലത്ത് നവംബർ ഏഴിന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലാണ്.
സംസ്ഥാനതല ഉദ്ഘാടനത്തിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. സമിതി രക്ഷാധികാരികളായി നിയമസഭാ സ്പീക്കറേയും ജില്ലയിലെ എംപിമാരേയും ചെയർമാനായി രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയേയും തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്‌സൻമാരായി മേയറെയും എംഎൽഎമാരെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെയും ജനറൽ കൺവീനറായി ജില്ലാ കലക്ടറെയും ട്രഷറർ ആയി സീനിയർ ഫിനാൻസ് ഓഫീസറെയും ജോയിൻറ് കൺവീനർമാരായി സബ് കളക്ടർ, ആർ ഡി ഒ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ തുടങ്ങിയവരെയും സംഘാടകസമിതി അംഗങ്ങളായി പ്രധാന രാഷ്ട്രീയ പാർട്ടി പ്രസിഡണ്ട്/സെക്രട്ടറിമാരെയും ഉൾപ്പെടുത്തി.

‘ഉയരാം പറക്കാം’ പദ്ധതി ഉദ്ഘാടനം 18ന്കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ നടപ്പാക്കുന്ന ‘ഉയരാം പറക്കാം’ പദ്ധതിയുടെ ഉദ്ഘാടനം ചെറുതാഴം ഗവ. ഹൈസ്‌കൂളിൽ ഒക്ടോബർ 18ന് രാവിലെ 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ജില്ലാ പഞ്ചായത്തിന് കീഴിലെ എല്ലാ സ്‌കൂളുകളിലുമായി പതിനായിരം പെൺകുട്ടികൾക്ക് സ്‌കിപ്പിംഗ് റോപ്പ് നൽകുന്നതാണ് പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അറിയിച്ചു. പെൺകുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

കണ്ണൂർ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; പുതിയ കെട്ടിട സമുച്ചയം  17ന് മന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ ഗവ. ഐടിഐയുടെ സ്മാർട്ട് ക്ലാസ്‌റൂം, മിനി കോൺഫറൻസ് ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒക്ടോബർ 17 രാവിലെ 9.30ന് നിർവഹിക്കും. കണ്ണൂർ ഗവ. ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമായ സ്മാർട്ട് ക്ലാസ്‌റൂം, മിനി കോൺഫറൻസ് ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ അടങ്ങുന്ന കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുന്നത്.
രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക ക്ഷമത പരീക്ഷ 15 മുതൽ

പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ച വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഡയറക്റ്റ് -കാറ്റഗറി നം.027/2022) എൻ സി എ (കാറ്റഗറി നം.045/2021) തസ്തികകളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ഒക്ടോബർ 15 മുതൽ നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമായ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ്, പ്രായവും യോഗ്യതയും തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പറഞ്ഞ സ്ഥലത്ത്, സമയത്ത് നേരിട്ട് ഹാജരാകണം. ഫോൺ 04972700482

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പിണറായി ഗവ ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഈഴവ പ്രയോറിറ്റി വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രയോറിറ്റി വിഭാഗത്തിന്റെ അഭാവത്തിൽ നോൺ പ്രയോറിറ്റി പരിഗണിക്കും. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ ബി വിഒസി ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും,  അതേ വിഷയത്തിലുള്ള ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയവും, ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി / എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ  യോഗ്യത, മുൻപരിചയം, മുൻഗണന എന്നവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി ഒക്ടോബർ 17 ന് രാവിലെ 11 ന് കമ്പനിമെട്ടയിലുള്ള പിണറായി ഗവ.ഐ ടി ഐ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 04902384160

സിറ്റിംഗ് 19ന്

ജില്ലാ പോലീസ് പരാതി പരിഹാര അതോറിറ്റിയുടെ സിറ്റിംഗ് ഒക്‌ടോബർ 19ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. പരാതി സമർപ്പിച്ചവർ ഹാജരാവേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

മത്സ്യത്തൊഴിലാളി വനിതകൾക്ക് 

വായ്പാ പദ്ധതി

ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) നടപ്പിലാക്കുന്ന പലിശ രഹിത വായ്പാ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ അംഗത്വമുള്ളതും മത്സ്യകച്ചവടം, പീലിംഗ്, ഉണക്കമീൻ കച്ചവടം ജോലികൾ ചെയ്യുന്നതുമായ അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് അവസരം.  പ്രായപരിധിയില്ല. അഞ്ച് പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ (ഒരാൾക്ക് 10,000 രൂപ വീതം) പലിശ രഹിത വായ്പ നൽകും. കൃത്യമായി തിരിച്ചടക്കുന്നവർക്ക് തുടർ വായ്പയായി ഒരംഗത്തിന് 20000 രൂപയും ഗ്രൂപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും. ജില്ലാ സാഫ് നോഡൽ ഓഫീസ്, മത്സ്യഭവൻ ഓഫീസുകൾ,  www.fisheries.kerala.gov.inwww.safkerala.org വെബ്‌സൈറ്റുകളിലും അപേക്ഷ ഫോറം ലഭിക്കും. ആധാർ കാർഡ്, റേഷൻ കാർഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, മുഗണന സർട്ടിഫിക്കറ്റുകൾ, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 31 നകം ബന്ധപ്പെട്ട മത്സ്യഭവനുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 7902502030

സംരംഭക യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു മുതൽ അഞ്ചു പേർ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയിൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ്‌ഐഎംഎസിൽ ഉൾപ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായ പരിധി 50 വയസ്സ്. വിധവകൾ, ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അമ്മമാർ എന്നിവർക്ക് മുൻഗണന ലഭിക്കും.  ഈ വിഭാഗക്കാർക്ക് വ്യക്തിഗത ആനുകൂല്യമായും ധനസഹായം അനുവദിക്കും. സാഫിന്റെ ജില്ലാ ഓഫീസിലും, കണ്ണൂർ തലശ്ശേരി, അഴീക്കൽ, മാടായി മത്സ്യഭവനുകളിലും അപേക്ഷാ ഫോറം ലഭിക്കും. ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 31 നകം അപേക്ഷ സമർപ്പിക്കണം. മുമ്പ് സാഫിൽ നിന്ന് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 9656463719, 0497 2732487

റവന്യൂ ജില്ലാ ശാസ്ത്രമേള:  ലോഗോ ക്ഷണിച്ചു

ഒക്ടോബർ 24,25 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രമേളക്ക് ലോഗോ ക്ഷണിച്ചു. നിശ്ചിത വലുപ്പത്തിലുള്ള ലോഗോകൾ ഒക്ടോബർ 16ന് വൈകുന്നേരം അഞ്ചിനകം ismailkariyil@gmail.com എന്ന മെയിൽ അഡ്രസ്സിൽ അയക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തിലെ ബി-ടെക് അഡ്മിഷന്റെ ഭാഗമായി നിലവിലുള്ളതും ഉണ്ടാവാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഒക്ടോബർ 18 ന് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കാം.

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നോളജ് സർവീസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (കാലാവധി -ഒരു വർഷം , യോഗ്യത-എസ് എസ് എൽ സി/ അതിന് മുകളിൽ) ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (കാലാവധി-ഒരു വർഷം, യോഗ്യത-പ്ലസ് ടു/ അതിന് മുകളിൽ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 9072592458

ഗ്രോത്ത് പൾസ് സംരംഭകർക്കുള്ള പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് (കെഐഇഡി) അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  ഒക്ടോബർ 22 മുതൽ 26 വരെ കളമശ്ശേരി കെഐഇഡി കാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ www.kied.info/training-calender/ ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9188922785

ആഡംബര ക്രൂസിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി കെ എസ് ആർ ടി സി

ചുരുങ്ങിയ ചെലവിൽ ആഡംബര ക്രൂസിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കുകയാണ് കെ എസ് ആർ ടി സി. ഒക്ടോബർ 20 ന് രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും യാത്ര പുറപ്പെടും. ക്രൂയ്സിൽ കയറി അഞ്ച് മണിക്കൂർ ആഴക്കടലിൽ യാത്ര ചെയ്യാം.  രസകരമായ ഗെയിം, ഡി ജെ മ്യൂസിക്, വിഷ്വലൈസിങ് ഇഫക്ട്‌സ്, പ്ലെ തിയേറ്റർ, ഫോർ സ്റ്റാർ ഡിന്നർ എന്നീ വിവിധങ്ങളായ പ്രോഗ്രാമുകൾ ക്രൂയിസിൽ ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 20 ന് രാവിലെ അഞ്ച് മണിക്ക് കണ്ണൂരിൽ തിരിച്ചെത്തും.  മുതിർന്നവർക്ക് 4590 രൂപയും 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് 2280 രൂപയുമാണ് ചാർജ്. ഫോൺ: 8089463675, 9497007857

About The Author

Leave a Reply

Your email address will not be published. Required fields are marked *