ഉത്തര മലബാറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച്‌ കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

0

ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ഉത്തര മലബാറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കണ്ണൂര്‍ സ്വദേശിനിയായ 42 വയസ്സുകാരിയുടെ ഉദര ശസ്ത്രക്രിയയാണ് റോബോട്ടിക് ശസ്ത്രക്രിയയിലൂടെ പൂർത്തീകരിച്ചത്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും റോബോട്ടിക് സർജറി പരിശീലന രംഗത്തെ വിധഗ്ധനുമായ ഡോ . സോമശേഖർ എസ്. പി യുടെ നേതൃത്വത്തിൽ ആസ്റ്റര്‍ മിംസ് ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ ജുബൈരിയത് കെ വി, ഡോ ഹാസുരിയ ബിഗം, ഡോ കൗഷിക് വി തുടങ്ങിയവര്‍ചേര്‍ന്ന് റോബോട്ടിക് സര്‍ജറിയിലൂടെ പൂര്‍ത്തീകരിച്ചത്. ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവന്ന രണ്ട് ഫൈബ്രോയിഡുകളും അനുബന്ധമായ രക്തസ്രാവവും വേദനയും മരുന്ന് ഉപയോഗിച്ചിട്ടും പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കുവാന്‍ സാധിക്കാതെ വന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത് എന്ന് ഡോക്ടര്‍മാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ ഉത്തര മലബാറിലെ ആദ്യ ഓർത്തോ റോബോട്ടിക് ശസ്ത്രക്രിയ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക് & റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു.

റോബോട്ടിക് സംവിധാനത്തിന്റെ 360 ഡിഗ്രിയില്‍ ചലിപ്പിക്കുവാന്‍ സാധിക്കുന്ന സ്വതന്ത്രമായ നാല് കരങ്ങള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ റോബോട്ടിക് ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത്. എല്ലാ ദിശകളിലേക്കും ഒരേ സമയം ചലിപ്പിക്കാന്‍ സാധിക്കുമെന്നതിനാലും, നാല് കരങ്ങളുടെ സഹായമുള്ളതിനാല്‍ ഒന്നിലധികം പ്രവര്‍ത്തികള്‍ ഒരേ സമയം നിര്‍വ്വഹിക്കാമെന്നതിനാലും ശസ്ത്രക്രിയ വേഗത്തിലും ഫലപ്രദമായും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇതിന് പുറമെ കണ്‍സോളില്‍ നിയന്ത്രിക്കുന്ന ഡോക്ടറുടെ മുന്‍പിലുള്ള സ്‌ക്രീനില്‍ ആന്തരികാവയവങ്ങള്‍ പതിന്മടങ്ങ് വലുപ്പത്തില്‍ കാണാന്‍ സാധിക്കും. ഇത് അതി സൂക്ഷ്മമായ ശരീരഭാഗങ്ങള്‍ പോലും കൃത്യമായി നിര്‍ണ്ണയിച്ച് പാകപ്പിഴകളില്ലാതെ ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാനും സഹായകരമാകും. ഏറ്റവും കൃത്യതയോടെ ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാന്‍ സാധിക്കുമെന്നതും, അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ പോലും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നതും റോബോട്ടിക് രീതിയുടെ സവിസേഷതകളാണ്. ഇതിന് പുറമെ കുറഞ്ഞ രക്തനഷ്ടം വേഗത്തിലുള്ള ഡിസ്ചാര്‍ജ്ജ്, പൊതുവെ ഐ സി യു വാസം ആവശ്യമായി വരാറില്ല, ശസ്ത്രക്രിയ നിര്‍വ്വഹിച്ച ദിവസം തന്നെ നടന്ന് തുടങ്ങാനും ഭക്ഷണം കഴിച്ച് തുടങ്ങാനും സാധിക്കും തുടങ്ങിയ നേട്ടങ്ങളുമുണ്ട്.

ഏറ്റവൂം ആധുനികമായ റോബോട്ടിക് സംവിധാനമാണ് ആസ്റ്റര്‍ മിംസില്‍ കണ്ണൂരില്‍ ഇപ്പോള്‍ സേവനനിരതമാക്കിയിരിക്കുന്നത്. ഈ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ ഗൈനക്കോളജി, ഓര്‍ത്തോപീഡിക് ശസ്ത്രക്രിയകള്‍ക്ക് പുറമെ വ്യത്യസ്തങ്ങളായ കാന്‍സര്‍ ശസ്ത്രക്രിയകള്‍, യൂറോളജി ശസ്ത്രക്രിയ, ജനറല്‍ ശസ്ത്രക്രിയ, ഗ്യാസ്ട്രോ ശസ്ത്രക്രിയകള്‍ തുടങ്ങിയവ ഉള്‍പ്പെടെ അനേകം ചികിത്സാമേഖലകളുമായി ബന്ധപ്പെട്ട് നടത്തേണ്ടി വരാറുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ കൂടുതല് ആയാസ രഹിതമായി നിര്‍വ്വഹിക്കുവാനും മികച്ച ഫലപ്രാപ്തി ലഭ്യമാക്കുവാനും സാധിക്കും.

പത്രസമ്മേളനത്തില്‍, ഡോ. ജുബൈരിയത്ത്, ഡോ ഹസൂരിയ ബീഗം,, ഡോ കൗഷിക് വി, ഡോ ശ്രീനിവാസ് ഐ സി, ഡോ ജിമ്മി സി ജോൺ ഡോ സത്യേന്ദ്രൻ നമ്പ്യാർ, ഡോ അക്ബർ സലീം, ഡോ അമിത്ത് ബി എൽ, ഡോ. സൂരജ് കെ എം, ഡോ സുപ്രിയ രഞ്ജിത്ത്, ഡോ അനൂപ് നമ്പ്യാർ തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *