അനധികൃത ഇരുമ്പയിര് കടത്തു കേസ്; കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിന് ഏഴുവർഷം തടവ്
അനധികൃത ഇരുമ്പയിര് കടത്തു കേസിൽ സിബിഐ അറസ്റ്റ് ചെയ്ത കാർവാർ എം എൽ എയും കോൺഗ്രസ് നേതാവുമായ സതീഷ് സെയിലിന് ഏഴുവർഷം കഠിന തടവ്. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
2010 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാർവാറിലെ ബലേകേരി തുറമുഖത്തു നിന്ന് 11,312 മെട്രിക് ടൺ ഇരുമ്പയിര് വിദേശത്ത് കടത്തിയെന്നാണ് കേസ്. കേസിൽ എംഎൽഎ ഉൾപ്പെടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്.
കര്‍ണാടക മുന്‍ ലോകായുക്ത സന്തോഷ് ഹെഗ്ഡെ ആയിരുന്നു അനധികൃത ഇരുമ്പയിര് ഖനനത്തിലൂടെ സംസ്ഥാന ഖജനാവിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണ്ടെത്തിയത്. സതീഷ് സെയിലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാര്‍ജുന്‍ ഷിപ്പിംഗ് കോര്‍പറേഷന്‍ ഇതുവഴി കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സിബിഐ കണ്ടെത്തിയിരുന്നു. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് സിബിഐ സതീശ് സെയിലിനെതിരെ ചുമത്തിയത്.