സര്‍വ്വകലാശാല സെനറ്റില്‍ നിന്ന് പുറത്താക്കണം; ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി
കണ്ണൂര്‍ ജില്ല മുന്‍ അധ്യക്ഷ പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി. സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ പി പി ദിവ്യ അയോഗ്യയായെന്ന് പരാതിയില്‍ ചൂണ്ടികാട്ടി. ദിവ്യ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് അല്ലെന്നും അതിനാല്‍ സെനറ്റ് അംഗമായി തുടരാനാകില്ലെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളിലാണ് നീക്കം. ഡിസംബര്‍ 23 ന് സര്‍വ്വകലാശാലയുടെ പതിവ് സെനറ്റ് യോഗം ഷെഡ്യൂള്‍ ചെയ്തതിനാല്‍, പ്രമേയങ്ങള്‍ അവതരിപ്പിക്കാനോ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ ദിവ്യയെ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെനറ്റ് അംഗം ഡോ. ഷിനോ പി ജോസ് നല്‍കിയ പരാതിയില്‍ പി പി ദിവ്യയെ പുറത്താക്കാന്‍ നടപടി തുടങ്ങിയെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വിശദീകരണം നൽകി. ദിവ്യക്കെതിരെ സിപിഐഎമ്മും നടപടിക്കൊരുങ്ങുന്നുണ്ടെന്നാണ് വിവരം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനും തീരുമാനമുണ്ട്. നടപടി പ്രത്യക്ഷത്തില്‍ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പില്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.