പെരിങ്ങോം ഗവ. ഐ ടി ഐ: രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

0
പെരിങ്ങോം ഗവ. ഐ ടി ഐയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പെരിങ്ങോം ഐടിഐയുടെ രണ്ടാംഘട്ട നിർമാണത്തിന് രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

എൻസിവിടിയുടെ കീഴിൽ പെരിങ്ങോം ഐ.ടി.ഐയിലുള്ള ഉയർന്ന തൊഴിൽസാധ്യതയുള്ള രണ്ട് ട്രേഡുകളും വിദഗ്ധ ബിരുദധാരികളെ സൃഷ്ടിക്കുന്നതിൽ പ്രശസ്തി നേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സ്ഥാപനത്തെ വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
പെരിങ്ങോം ഐ.ടി.ഐ മികച്ച തൊഴിലധിഷ്ഠിത പരിശീലനം തുടർന്നും നൽകുകയും അതിന്റെ അംഗീകാരം നിലനിർത്തുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഡിജിഇടി ആവശ്യപ്പെടുന്ന ഉയർന്ന നിലവാരം നിലനിർത്താൻ പ്രതിജ്ഞാബദ്ധരാണന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് ഒരു സ്ത്രീ സൗഹൃദ ട്രേഡും ഒരു പുതിയ തലമുറ ട്രേഡും ഉൾപ്പെടെ കുറഞ്ഞത് നാല് ട്രേഡുകളെങ്കിലും ആവശ്യമായ ഡിജിഇടി മാനദണ്ഡങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥരാണന്നും മന്ത്രി പറഞ്ഞു. ഈ വികസനത്തിൻ്റെ ഭാഗമായി, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ഒരു സ്ത്രീ സൗഹൃദ ട്രേഡ് ആയും മെക്കാനിക് ഇലക്ട്രിക് വെഹിക്കിൾ ഗണ്യമായ തൊഴിൽ സാധ്യതയുള്ള ഒരു പുതുതലമുറ ട്രേഡ് ആയും അവതരിപ്പിക്കാൻ നമ്മൾ പദ്ധതിയിടുന്നു.

 ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം ഉണ്ണികൃഷ്ണൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി മോഹൻ, പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി രവീന്ദ്രൻ, വ്യാവസായിക പരിശീലന വകുപ്പ് ട്രെയിനിംഗ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, വ്യാവസായിക പരിശീലന വകുപ്പ് കണ്ണൂർ  ഉത്തരമേഖല കേന്ദ്രം ജോ.ഡയറക്ടർ പി വാസുദേവൻ, ബി എസ് ദിലീപൻ, എസ് പി അനിൽകുമാർ, പി ശശിധരൻ, വി എം മുസ്തഫ, കെ മനോജ്, എൻ കെ സല്ലാപ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *