പാഠ്യപദ്ധതി സുസ്ഥിര വികസനത്തിനുള്ള ഉത്തരവാദിത്തബോധം വളർത്തുന്നു: മന്ത്രി വി. ശിവൻകുട്ടി

0

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതി അക്കാദമിക് മികവ് മാത്രമല്ല സുസ്ഥിര വികസനത്തിനായുള്ള ഉത്തരവാദിത്തബോധവും വളർത്തുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മാങ്ങാട് എൽപി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളിൽ പ്രകൃതിയോട് ആദരവ് വളർത്തിയെടുക്കാനാണ് സ്‌കൂളുകൾ പരിസ്ഥിതി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നത്. കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക, സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുക എന്നിവ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നടപ്പാക്കുന്ന സമഗ്ര സ്‌കൂൾ ആരോഗ്യ പരിപാടികൾ മാതൃകയാണ്. മെഡിക്കൽ, ഡെന്റൽ, നേത്ര പരിശോധനകൾ, ഒന്നാം ക്ലാസ് മുതൽ 12 വരെ ഹെൽത്ത് കാർഡുകൾ എന്നിവ സർക്കാർ ഉറപ്പാക്കുകയാണ്. ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ക്ലാസ് മുറികളിലേക്ക് സാങ്കേതികവിദ്യ സംയോജിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം വിദ്യാഭ്യാസ നവീകരണത്തിന് സഹായിച്ചു. വിമർശനാത്മക ചിന്തകരും നവീനരും അനുകമ്പയുള്ള വ്യക്തികളുമാകാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുക എന്നതാണ് കേരളത്തിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.


എം. വിജിൻ എംഎൽഎ അധ്യക്ഷനായി. സ്‌കൂൾ മാനേജ്മെന്റ് അംഗങ്ങളുടെ ഫോട്ടോ അനാച്ഛാദനം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ നിർവഹിച്ചു. പ്രധാനധ്യാപകൻ ടി ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എൽഎസ്എസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്വാഗതസംഘം ചെയർമാനുമായ ടി.ടി ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി രവീന്ദ്രൻ, പഞ്ചായത്ത് അംഗം ആർ പങ്കജവല്ലി, പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ജയദേവൻ, ബി പി സി എസ് എസ് കെ അംഗം കെ പ്രകാശൻ, സ്‌കൂൾ മാനേജ്മെന്റ് അംഗം എം.വി ഗോപാലകൃഷ്ണൻ നമ്പ്യാർ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി മഹേഷ്, സ്‌കൂൾ വികസനസമിതി അംഗങ്ങളായ കെ ലക്ഷ്മണൻ, കൂനത്തറ മോഹനൻ, എം.പി ഇസ്മായിൽ, സ്‌കൂൾ വികസന സമിതി വൈസ് ചെയർമാൻ എൻ സതീശൻ, പിടിഎ പ്രസിഡന്റ് സനൂപ് വാടി, മാതൃസമിതി പ്രസിഡന്റ് സി നൗഷാദ് എന്നിവർ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *