നെരുവമ്പ്രം ഗവ. വിഎച്ച്എസ്സി പ്ലസ് ടു ബ്ലോക്ക് ഉദ്ഘാടനം 18ന്
നെരുവമ്പ്രം ഗവ.വൊക്കേഷണൽ (ടെക്നിക്കൽ) ഹയർ സെക്കണ്ടറി സ്ക്കൂളിനായി പുതുതായി നിർമ്മിച്ച പ്ലസ് ടു ബ്ലോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 18ന് രാവിലെ 11 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. രണ്ട് ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബ്, ഒരു സ്റ്റെയർ റൂമും ഉൾപ്പെടെ 295.68 ച.മീറ്റർ തറവിസ്തീർണവുമുള്ള കെട്ടിടം സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. പുതിയ കെട്ടിടം പൂർത്തിയായതോടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുന്നതിനും സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും സാധിക്കുമെന്ന് എം എൽ എ പറഞ്ഞു.
2007 ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ പ്രവർത്തിക്കുന്നത് ടെക്നിക്കൽ സ്കൂളിലാണ്. ടെക്നിക്കൽ സ്കൂളിനുള്ള സ്റ്റേഡിയം നിർമ്മാണ പ്രവൃത്തിക്കും ഒരു കോടി രൂപ സർക്കാർ അനുവദിച്ചു. ഇതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.