മൂല്യവർധിത കൃഷിയുടെയും മൂല്യ വിളകളുടെയും പ്രോത്സാഹനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

0
ഉന്നത മൂല്യമുള്ള വിളകളുടെയും മൂല്യവർധിത കൃഷിയുടെയും പ്രോത്സാഹനം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ബയോ കൺട്രോൾ ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വിളകളുടെ  ഉത്പ്പാദന ക്ഷമത വർധിപ്പിക്കുന്നതിനോടൊപ്പം ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിലും കൃഷിവകുപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്കായാണ് ബയോ കൺട്രോൾ ലബോറട്ടറികൾ നിർമ്മിക്കുന്നത്. സെക്കൻഡറി അഗ്രികൾച്ചറിന് പ്രാധാന്യം നൽകിക്കൊണ്ട് കർഷകനെ സഹായിക്കുന്ന നിലപാടാണ് കൃഷി വകുപ്പിനുള്ളതെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം, കാട്ടുപന്നി, കീടങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉപദ്രവം എന്നിവയെല്ലാം കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മെച്ചപ്പെട്ട വിത്തിനങ്ങളും കീടനാശിനികളും നൽകി ഇത്തരം സാഹചര്യങ്ങളിൽ കർഷകനെ സഹായിക്കുന്നതിന് ലബോറട്ടറി സംവിധാനത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
കൃഷി അറിവുകൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് തയ്യാറാക്കിയ കൃഷി ജാലകം കെ.വി.കെ പ്രസിദ്ധീകരണങ്ങളുടെ ക്യു ആർ കോഡ് ശേഖരം മന്ത്രി കർഷകർക്ക് സമർപ്പിച്ചു.

എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. കൃഷി വിജ്ഞാനകേന്ദ്രം പുറത്തിറക്കിയ പരിസ്ഥിതി സൗഹൃദ സസ്യ സംരക്ഷണം കൈപ്പുസ്തകവും ലഘുരേഖകളും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ പ്രകാശനം ചെയ്തു.
ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ കർഷകരെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.കെ.കെ രത്നകുമാരി, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന,  ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി ഷനോജ്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് അംഗം പി. ബീപാത്തു, കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലർ അംഗം ഡോ. പി നിധീഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ,  കുരുമുളക് ഗവേഷണ കേന്ദ്രം മേധാവി ഡോ. എച്ച്.സി വിക്രം, കെ.വി.കെ കണ്ണൂർ അസിസ്റ്റൻറ് പ്രൊഫസർ കെ.പി മഞ്ജു, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. പി. ജയരാജ് എന്നിവർ സംസാരിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *