മാങ്ങാട്ടുപറമ്പ് ആശുപത്രി കോമ്പൗണ്ടിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് പ്രവർത്തനമാരംഭിച്ചു
മാങ്ങാട്ടുപറമ്പ് ഇ.കെ നായനാർ സ്മാരക ഗവ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടിൽ നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടന 2030ൽ നവജാത ശിശു മരണ നിരക്ക് ഇന്ത്യയിൽ ആയിരത്തിൽ ആറ് എന്ന ലക്ഷ്യമാണ് മുന്നോട്ടുവെക്കുന്നതെങ്കിൽ കേരളം ഇപ്പോൾതന്നെ ആയിരത്തിൽ നാല് എന്നതിലേക്ക് എത്തിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത ആരോഗ്യരംഗത്തിന്റെ മുന്നേറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്റ്റാഫ് ക്വാർട്ടേഴ്സ് പ്രവർത്തനമാരംഭിച്ചതോടെ ആരോഗ്യ മേഖലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാർത്ഥം പ്രവർത്തിക്കുന്ന മാങ്ങാട്ടുപറമ്പ് ആശുപത്രി വികസനത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ ആരോഗ്യ ദൗത്യം വാർഷിക ഫണ്ടിൽ ഉൾപ്പെടുത്തി 1.49 ഒരുകോടി 49 ലക്ഷം രൂപ ചെലവിലാണ് ആറ് സ്റ്റാഫ് ക്വാർട്ടേഴ്സുകൾ നിർമ്മിച്ചത്. ഡോക്ടേഴ്സിന് പുറമേ മറ്റ് ജീവനക്കാർകൂടി ക്വാർട്ടേഴ്സ് പ്രയോജനപ്പെടുത്താനാകും.
എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ മെഡിക്കൽ ഓഫീസറും അഡീഷണൽ ഡയറക്ടറുമായ ഡോ. എം പിയൂഷ് എന്നിവർ വിശിഷ്ടാതിഥികളായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്തൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദ് കുഞ്ഞി, വാർഡ് കൗൺസിലർ എം.പി നളിനി, എച്ച്.ഡി.എസ് സൂപ്രണ്ട് ഡോ സി.കെ ജീവൻ ലാൽ തുടങ്ങിയവർ സംസാരിച്ചു.