ശുചിത്വ ബോധം സാമൂഹിക ഉത്തരവാദിത്തം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

0

ശുചിത്വ ബോധം വളര്‍ത്തിയെടുക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും മാലിന്യം സംസ്‌കരിക്കുന്നതിലെ അനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്നും രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. മാലിന്യമുക്തം നവ കേരളത്തിന്റെ  ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പെരളശ്ശേരി പ്രഞ്ചായത്തിലെ വടക്കുമ്പാട് പിലാഞ്ഞിയില്‍ നിര്‍മ്മിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്) സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ പ്രബുദ്ധതയില്‍ അഭിമാനിക്കുമ്പോഴും മാലിന്യ സംസ്‌കരണം ഒരു പ്രശ്നമായി തന്നെ തുടരുകയാണ്. മാലിന്യം നിക്ഷേപിക്കാനുള്ള ഇടങ്ങളില്‍ അവ നിക്ഷേപിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. മാലിന്യ നിര്‍മാര്‍ജന കര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ പ്രായോഗിക തലത്തില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക രീതിയിലുള്ള ശുചീകരണം മാത്രമല്ല മാനസിക ശുചീകരണവും നടത്തേണ്ടതുണ്ട്. പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതോടൊപ്പം മനസിലെ വര്‍ഗീയ, വൈരാഗ്യ മാലിന്യങ്ങളും നിര്‍മാര്‍ജനം ചെയ്യണം. ശുചിത്വബോധവും ശുചീകരണ പ്രവര്‍ത്തനങ്ങളും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയാണ് മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ ജീവിതശൈലിയുടെ ഭാഗമാണ് ശുചിത്വം. ഗാന്ധിജയന്തി ദിനത്തില്‍ ആര്‍.ആര്‍.എഫ് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത് ശരിയായ സന്ദേശമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

പെരളശ്ശേരി, കടമ്പൂര്‍, ചെമ്പിലോട്, മുണ്ടേരി, കൊളച്ചേരി ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനയെ മന്ത്രി ആദരിച്ചു. പരിപാടിയുടെ ഭാഗമായി
പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കര്‍മ്മപരിപാടി മന്ത്രി പ്രകാശനം ചെയ്തു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള അധ്യക്ഷയായിരുന്നു. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വി നിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി ബിജു, കെ താഹിറ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി ബാലഗോപാലന്‍, കെ മുംതാസ്, അഡ്വ. എം.സി സജീഷ്, സി.എം പ്രസീത ടീച്ചര്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രശാന്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.സഞ്ചന, ശുചിത്വ ചാര്‍ജ്ജ് ഓഫീസര്‍ കെ.വി സിമി, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *