കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ മേലെചൊവ്വ ഫ്ളൈ ഓവർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ നഗരറോഡ് വികസനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എത്തിയിരിക്കുകയാണ്. മേലെചൊവ്വ ഫ്ളൈ ഓവർ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.
മേലെചൊവ്വ-മട്ടന്നൂർ വിമാനത്താവള റോഡ് ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
ദീർഘകാലത്തെ സ്വപ്‌ന പദ്ധതിയാണ് മേലെചൊവ്വ ഫ്ളൈ ഓവർ. കണ്ണൂർ-തലശ്ശേരി റോഡിന്റെയും കണ്ണൂർ-ഇരിട്ടി റോഡിന്റെയും സംഗമ സ്ഥലമായ മേലെചൊവ്വ എൻഎച്ച് 66, സംസ്ഥാന പാത, വിമാനത്താവള റോഡ് എന്നിവയെല്ലാം ചേരുന്ന സ്ഥലമാണ്. കണ്ണൂർ ജില്ലയിൽ ഏറ്റവും വാഹന പെരുപ്പമുള്ള ജംഗ്ഷൻ കൂടിയാണിത്.
കണ്ണൂർ നഗര വികസന പദ്ധതി എൽഡിഎഫ് സർക്കാർ തയ്യാറാക്കുമ്പോൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മേലെചൊവ്വയിൽ അണ്ടർപാസ് എന്ന ആവശ്യം മുന്നോട്ടുവെച്ചു. എന്നാൽ നഗരത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ കടന്നുപോവുന്നതിനാൽ, അത് ഫ്ളൈ ഓവറാക്കി മാറ്റി. പദ്ധതിക്കായി 57.45 സെൻറ് ഭൂമിയാണ് ഏറ്റെടുത്തത്. 15.43 കോടി രൂപ സ്ഥലമെടുപ്പിനായി ചെലവഴിച്ചു. 424.60 മീറ്റർ നീളമുള്ള ഫ്ളൈ ഓവറാണിത്. ഫ്ളൈ ഓവറിന്റെ വീതി ഒമ്പത് മീറ്ററാണ്. 24 മീറ്ററാണ് സർവീസ് റോഡ് ഉൾപ്പെടെയുള്ള ആകെ വീതി. 44.71 കോടി രൂപയ്ക്ക് കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചു. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല.
ദേശീയപാത വികസനം കണ്ണൂരിൽ വളരെ വേഗത്തിലാണ് നടക്കുന്നത്. കണ്ണൂർ ബൈപാസ് യാഥാർഥ്യമായാലും ജില്ലാ കേന്ദ്രത്തിലേക്കുള്ള യാത്ര ഇതുവഴിയാണ്. എല്ലാ തരത്തിലും ഇത് നാടിന് ഉപയോഗപ്രദമാണ്. കണ്ണൂർ മണ്ഡലത്തിൽ പശ്ചാത്തല വികസന മേഖലയിൽ ജംഗ്ഷൻ, ബൈപാസ്, റോഡ് നവീകരണം ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കണ്ണൂർ കാൽടെക്‌സ് ജംഗ്ഷനിൽ മേൽപ്പാലം ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.
വികസന പ്രവർത്തനത്തിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോവണമെന്നും മന്ത്രി പറഞ്ഞു.
ചൊവ്വ റൂറൽ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ നഗരറോഡ് വികസന പദ്ധതി ഉൾപ്പെടെ യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം മന്ത്രി അഭ്യർഥിച്ചു. 748 കോടിയുടെ നഗരറോഡ് വികസന പദ്ധതിയിൽ 200 കോടി രൂപ നഷ്ട പരിഹാരത്തിനായി നീക്കി വെച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ നഗരത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി. ആർബിഡിസികെ എംഡി എസ് സുഹാസ്, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ സിഎം പത്മജ, പ്രകാശൻ പയ്യനാടൻ, കണ്ണൂർ മണ്ഡലം വികസന സമിതി കൺവീനർ എൻ ചന്ദ്രൻ, ആർബിഡിസികെ ഡെപ്യൂട്ടി ജിഎം എ എ അബ്ദുൽ സലാം, എഡിഎം കെ നവീൻബാബു, എം കെ മുരളി, വെള്ളോറ രാജൻ, സിഎം ഗോപിനാഥ്, അബ്ദുൽ കരീം ചേലേരി, കെ കെ ജയപ്രകാശ്, കെ എ ഗംഗാധരൻ, പി പി ദിവാകരൻ, കെ പി പ്രശാന്തൻ, ബിനിൽ, ഹമീദ് ചെങ്ങളായി, ഡോ. ജോസഫ് തോമസ്, രതീഷ് ചിറക്കൽ, ടി കെ രമേഷ് കുമാർ എന്നിവർ സംസാരിച്ചു.