തളിപ്പറമ്പ് താലൂക്ക് തല തരംമാറ്റൽ അദാലത്ത്: 249 അപേക്ഷകൾ തീർപ്പാക്കി
25 സെന്റിൽ താഴെയുള്ള സൗജന്യ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് നടന്ന തളിപ്പറമ്പ് താലൂക്ക് തല അദാലത്തിൽ പരിഗണിച്ച 343 അപേക്ഷകളിൽ 249 എണ്ണം തീർപ്പാക്കി. ബാക്കിയുള്ള 94 എണ്ണം ഒരാഴ്ചക്കകം തീർപ്പാക്കും. തളിപ്പറമ്പ് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് ആർഡിഒ ടി.വി രഞ്ജിത് നേതൃത്വം നൽകി. തഹസിൽദാർ പി സജീവൻ, ഭൂരേഖ തഹസിൽദാർ ചന്ദ്രശേഖരൻ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, വിവിധ റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.
തലശ്ശേരി താലൂക്ക് അദാലത്ത് നവംബർ രണ്ടിന് തലശ്ശേരി താലൂക്ക് ഗവ. ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിലും പയ്യന്നൂർ താലൂക്ക് അദാലത്ത് നവംബർ ആറിന് പയ്യന്നൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലും ഇരിട്ടി താലൂക്ക് അദാലത്ത് നവംബർ ഏഴിന് ഇരിട്ടി ബ്ലോക്ക് കോൺഫറൻസ് ഹാളിലും നടക്കും.