ചെള്ള് പനി: മട്ടന്നൂർ ഇല്ലം മൂലയിൽ മെഡിക്കൽ സംഘം സന്ദർശിച്ചു

0

ചെള്ള് പനി റിപ്പോർട്ട് ചെയ്ത മട്ടന്നൂർ ഇല്ലം മൂലയിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. സച്ചിൻ കെ.സി.യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സന്ദർശനം നടത്തി. ചെള്ള് പനി തടയുന്നതിനു ഡോക്‌സി സൈക്ളിൻ ഗുളിക കഴിക്കാൻ സംഘം നിർദേശിച്ചു. ചെള്ള് പനി ബാധിച്ചു മരിച്ച വ്യക്തിയുടെ വീട് സന്ദർശിച്ച സംഘം വീട്ടിലും പരിസരത്തും പരിശോധന നടത്തി.  മട്ടന്നൂർ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. രോഗ വ്യാപനം തടയാനായി സ്വീകരിക്കേണ്ട മാർഗങ്ങൾ സംഘം വിശദീകരിച്ചു.
ഒക്‌ടോബർ 12 നാണ് പ്രദേശത്തുള്ള 64 കാരൻ ചെള്ള് പനി ബാധിച്ചു കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്. മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എലി, അണ്ണാൻ, മുയൽ തുടങ്ങിയ കറണ്ട് തിന്നുന്ന ജീവികളിൽ കാണപ്പെടുന്ന ചെള്ളുകളുടെ കടിയിലൂടെയാണ് ചെള്ള് പനിക്ക് കാരണമാകുന്ന ബാക്റ്റീരിയ ശരീരത്തിനകത്ത് പ്രവേശിക്കുന്നത്. ഈ വർഷം നിലവിൽ മാലൂരിലും ചെറുതാഴത്തും തലശ്ശേരിയിലും 21 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മട്ടന്നൂരിലെയടക്കം മൂന്ന് മരണങ്ങൾ ഉണ്ടായി.
തുടർ നടപടികൾ സ്വീകരിക്കുന്നതിന് മട്ടന്നൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘത്തിൽ ജില്ലാ വെക്ടർ ബോൺ ഡീസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി കെ കെ, ബയോളജിസ്റ്റ് രമേശൻ സി പി, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ജി എസ് അഭിഷേക്, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി സുധീഷ് എന്നിവരും ഉണ്ടായിരുന്നു.

എന്താണ് ചെള്ള് പനി

ഓറിയെഷ്യ സുസുഗാമുഷി എന്ന പരാദ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന പനിയെ ആണ് ചെള്ള് പനി അഥവാ സ്‌ക്രബ്ബ് ടൈഫസ് എന്ന് വിളിക്കുന്നത്.
ഇതിനു ഈ പേര് വരാൻ കാരണം ചെള്ള് ആണ് ഈ രോഗം പരത്തുന്നത് എന്നുള്ളതാണ്. എലി, അണ്ണാൻ, മുയൽ തുടങ്ങിയ ചില ജീവികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരുതരം ചെള്ളിലാണ് ഈ ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ഈ ബാക്ടീരിയയും ശരീരത്തിലേക്ക് പകരുകയും രോഗം പിടിപെടുകയും ചെയ്യും. ഈ ചെള്ളിന്റെ തന്നെ ജീവിത ചക്രത്തിലെ ഒരു ഘട്ടം ആയ ചിഗർ എന്ന ലാർവൽ അവസ്ഥയിൽ ആണ് ചെള്ളുകൾ ഈ രോഗം പരത്തുന്നത്. ചിഗർ ലാർവ മനുഷ്യരെ കടിക്കുമ്പോൾ ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് കടക്കുകയും രക്തത്തിൽ കടന്നു പെരുകുകയും ചെയ്യുന്നു.

രോഗ ലക്ഷണങ്ങൾ

ചിഗറിന്റെ  കടിയേറ്റു ആറ് മുതൽ 21 ദിവസങ്ങൾ (സാധാരണ ഗതിയിൽ 10-12 ദിവസങ്ങൾ) കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. മിക്ക കേസുകളിലും ചിഗറിന്റെ കടിയേറ്റ ഭാഗം ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണപ്പെടും. പിന്നീട് ഇത് ഒരു കറുത്ത വ്രണമാവുകയും ചെയ്യും. ഇതിനെ എഷ് കാർ എന്ന് വിളിക്കുന്നു. സാധാരണ ഗതിയിൽ 50% കൂടുതൽ ചെള്ള് പനി രോഗികളിലും ഈ എഷ് കാർ കാണപ്പെടുന്നതിനാൽ രോഗ നിർണയത്തിൽ ഇത് വലിയ പങ്കു വഹിക്കുന്നു.
എല്ലാ കാലാവസ്ഥയിലും ഈ രോഗമുണ്ടാകാമെങ്കിലും നമ്മുടെ സാഹചര്യത്തിൽ മഴക്കാലത്തും മഞ്ഞുകാലത്തും ആണ് പ്രധാനമായും ഇത് ഉണ്ടാകാറുള്ളത്. വിറയലോടുകൂടിയ പനി, തലവേദന, ചെങ്കണ്ണ് പോലെ കണ്ണുകൾ ചുവക്കുക, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് ഈ രോഗത്തിന്റെ മറ്റു പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ ഒക്കെ ലക്ഷണങ്ങളുമായിട്ട് സാമ്യമുണ്ട്. ആയതിനാൽ ചികിത്സകർക്ക് തുടക്കത്തിൽ രോഗനിർണയത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം. ചെള്ള് വളരുന്ന സാഹചര്യങ്ങളുമായുള്ള സാമീപ്യം അതുപോലെ ശരീരത്തിൽ എഷ് കാർ എന്നിവ ഒക്കെ ഡോക്ടറോട് വിശദീകരിക്കുന്നത് രോഗനിർണയം എളുപ്പമാക്കും. വീൽ ഫെലിക്‌സ് ടെസ്റ്റ്, എലൈസാ ടെസ്റ്റ് എന്നിവയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്
രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. സമയത്തിന് തന്നെ ചികിത്സ ആരംഭിച്ചു കഴിഞ്ഞാൽ രോഗം പൂർണമായും ഭേദമാകാറുണ്ട്.
അപൂർവ്വമായി ന്യൂമോനൈറ്റിസ്, മയോ കാർഡൈറ്റിസ്, മസ്തിഷ്‌ക ജ്വരം എന്നീ സങ്കീർണതകളിലേക്ക് നീങ്ങുകയോ മരണം സംഭവിക്കുകയോ ചെയ്യാൻ സാധ്യതയുള്ളതിനാൽ എത്രയും നേരത്തെ രോഗം കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും പ്രധാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗ സംശയമുള്ളവർ ഡോക്ടറുടെ നിർദേശാനുസരണം ഡോക്‌സി സൈക്ലിൻ ഗുളികകൾ കഴിക്കണം.
ഏതെങ്കിലും ഒരു പ്രദേശത്ത് രോഗ പകർച്ച കണ്ടെത്തി കഴിഞ്ഞാൽ അവിടെ കീടനാശിനികൾ ഉപയോഗിച്ച് ഈ ചെള്ളുകളെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം തന്നെ കുറ്റിക്കാടുകൾ, പുല്ല് നിറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ശരീരത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും കൈയുറകളും ബൂട്ടുകളും ധരിക്കുന്നതും സുരക്ഷിതമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *