മുട്ട, പാൽ ഉൽപാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്: മന്ത്രി ജെ. ചിഞ്ചുറാണി
മുട്ടയുടെയും പാലിന്റെയും ഉൽപാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പുതുതായി പണികഴിപ്പിച്ച ഇരുനില പൗൾട്രി ഷെഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുട്ടക്കും പാലിനും വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്ന അവസ്ഥയ്ക്ക് സംസ്ഥാനത്ത് വലിയ മാറ്റം വന്നെന്നും മന്ത്രി പറഞ്ഞു.
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
മുണ്ടയാട് മേഖല കോഴി വളർത്തൽ കേന്ദ്രത്തിൽ 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ നിർമ്മാണം പൂർത്തീകരിച്ച ഇരുനില പൗൾട്രി ഷെഡിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. മുകളിലത്തെ നില 2000 കോഴിക്കുഞ്ഞുങ്ങളുടെ മാതൃശേഖരത്തെ വളർത്തുന്നതിനും രണ്ടാമത്തെ നില 1000 മുട്ടക്കോഴികളെ വളർത്തുന്നതിന് വേണ്ടിയുമാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ഒരു വർഷം 1200 തൊഴിൽ ദിനങ്ങൾ അധികമായി സൃഷ്ടിക്കപ്പെടും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി പ്രശാന്ത്, ഡോ. പി.ഐ ദിവ്യ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.