അടിസ്ഥാന സൗകര്യ വികസനം കേരളത്തിന്റെ എല്ലാ കോണിലും ഉറപ്പാക്കി: മന്ത്രി വി ശിവൻകുട്ടി
അടിസ്ഥാന സൗകര്യ വികസനം തിരഞ്ഞെടുത്ത പ്രദേശങ്ങളിലോ നഗരപ്രദേശങ്ങളിലോ പരിമിതപ്പെടുത്താതെ സംസ്ഥാനത്തിന്റെ എല്ലാ കോണിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുറ്റൂർ ഗവ. യുപി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളുകളിൽ നിർമ്മിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഭാവിതലമുറയ്ക്കായി ശക്തമായ വിദ്യാഭ്യാസ അടിത്തറ സൃഷ്ടിക്കും. വിദ്യാലയങ്ങൾ ക്ലാസ് മുറികളും ബ്ലാക്ക് ബോർഡുകളുമുള്ള വെറും കെട്ടിടങ്ങൾ മാത്രമല്ല. ആധുനികവും സുസ്ഥിരവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ ഇടങ്ങളാണെന്ന കാഴ്ചപ്പാടാണുള്ളതെന്നും മന്ത്രി പറഞ്ഞു.
ടി.ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എൻജിനീയർ സി സവിത റിപ്പോർട്ട് അവതരിപ്പിച്ചു. എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഷൈനി വിജേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ കരുണാകരൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ സി.വി ബാലകൃഷ്ണൻ, പി.പി വിജയൻ, പയ്യന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.വി ജ്യോതി ബസു, പ്രധാനധ്യാപിക എം.വി വരലക്ഷ്മി, പയ്യന്നൂർ ബി ആർ സി ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ കെ.സി പ്രകാശൻ മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ കുഞ്ഞപ്പൻ പി ദാക്ഷായണി, പി സജികുമാർ, എസ്.എം.സി ചെയർമാൻ കെ.പി സന്തോഷ്, മദർ പിടിഎ പ്രസിഡന്റ് പി സജിത, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ മിനി എന്നിവർ സംസാരിച്ചു.