ഗുണമേന്മയുള്ള വിദ്യാഭ്യാസം സർക്കാരിന്റെ പ്രതിബദ്ധത: മന്ത്രി വി ശിവൻകുട്ടി
സംസ്ഥാനത്തെ സ്‌കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ ഒരു കോടി രൂപ സർക്കാർ ഫണ്ടിൽ നിർമ്മിച്ച കെട്ടിടവും വിജയോത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് അക്കാദമികമായും വ്യക്തിപരമായും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന അന്തരീക്ഷമുണ്ട്. വിദ്യാർത്ഥികളെ പരിപോഷിപ്പിക്കുന്നതിന് ആധുനികവും നൂതനവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് പുതിയ സ്‌കൂൾ കെട്ടിടം. ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിനും വേണ്ടിയാണിതെന്നും മന്ത്രി പറഞ്ഞു.
ഒരു സിബിഎസ്ഇ സ്‌കൂൾ ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം കേരള ചരിത്രത്തിൽ അഭൂതപൂർവമായ പുരോഗമന നീക്കമായിരുന്നു. പ്രശ്നങ്ങളും സങ്കീർണ്ണതകളും നീക്കി സിബിഎസ്ഇ സ്‌കൂൾ സർക്കാർ സ്‌കൂളായി മാറിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ സമയോചിതമായ ഇടപെടൽ മൂലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എം.വിജിൻ എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. തലശ്ശേരി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തളിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, ജില്ലാ പഞ്ചായത്ത് മെമ്പർ ടി തമ്പാൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എ കോമളവല്ലി, എച്ച് എം (ഇൻ ചാർജ്) എൻ.എം സുഗുണ, പിടിഎ പ്രസിഡന്റ് ടി മനോഹരൻ. എസ്.എം.സി ചെയർമാൻ പി.ആർ ജിജേഷ്, വികസന സമിതി ചെയർമാൻ കെ അശോകൻ. മദർ പി.ടി.എ പ്രസിഡന്റ് പി.കെ രോഹിണി, സ്റ്റാഫ് സെക്രട്ടറി സി സന്തോഷ് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.