കണ്ണൂര്‍ കലക്‌ട്രേറ്റില്‍ കഴിഞ്ഞ 10 വര്‍ഷമായി പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയ എന്‍ഒസികള്‍ പുനപരിശോധിക്കണം: എന്‍. ഹരിദാസ്

0

കഴിഞ്ഞ പത്ത് വര്‍ഷമായി കണ്ണൂര്‍ കലക്‌ട്രേറ്റില്‍ നിന്ന് പെട്രോള്‍പമ്പുകള്‍ ആരംഭിക്കുന്നതിന് നല്‍കിയ എന്‍ഒസികള്‍ പെട്രോളിയം മന്ത്രാലയം പുനപരിശോധിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ പാലിക്കാതെയാണ് അനുമതി നല്‍കിയതെങ്കില്‍ അവ റദ്ദ്‌ചെയ്യാനുള്ള നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് പെട്രോളിയം മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും ഹരിദാസ് പറഞ്ഞു. സമ്മര്‍ദ്ധത്തിന്റെയും അഴിമതിയുടെയും ഫലമായാണ് എന്‍ഒസി നല്‍കിയതെങ്കില്‍ അതെല്ലാം പുനപരിശോധിക്കണം. നവീന്‍ ബാബുവിന്റെ ആത്ഹത്യയിലെ സാഹചര്യങ്ങള്‍ വ്യക്തമാകുന്നത് സമ്മര്‍ദ്ധത്തിന് വഴങ്ങിയാണ് പമ്പുകള്‍ക്ക് എന്‍ഒസി നല്‍കിയത് എന്നാണ്. അതു കൊണ്ട് വ്യക്തമായ പരിശോധന ആവശ്യമാണ്. രാഷ്ട്രീയമായും സാമ്പത്തികമായുംസമ്മര്‍ദ്ധമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം.

ആത്മഹത്യ ചെയ്ത നവീന്‍ ബാബുവിന് പണം കൊടുത്തിട്ടുണ്ടെന്നാണ് പമ്പിന് അപേക്ഷ നല്‍കിയെന്ന് പറയുന്ന പ്രശാന്ത് ആരോപണം ഉന്നയിച്ചത്. ഇത് വസ്തുതാ വിരുദ്ധമാണെന്നും രാഷ്ട്രീയ സമ്മര്‍ദ്ധത്തിന് വഴങ്ങാത്തതിനാല്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും വ്യക്തമായിട്ടുണ്ട്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ ഒരു വിധത്തിലും വെച്ച് പൊറുപ്പിക്കില്ലെന്ന ഒരു വിഭാഗത്തിന്റെ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. അധോലോകങ്ങളെ പോലും വെല്ലുന്ന തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ഭീഷണിയും സമ്മര്‍ദ്ധവുമാണ് നടന്നതെന്ന് വ്യക്തമാണ്. പിണറായിയുടെ ഭരണത്തില്‍ കേരള പോലീസ് അന്വേഷിച്ചാല്‍ ഒന്നിനും തുമ്പുണ്ടാകില്ലെന്നത് വസ്തുതയാണ്. പിണറായി ഭരണത്തില്‍ അഴിമതിയും സ്വജന പക്ഷപാതവും മാത്രമാണ് പടര്‍ന്ന് പന്തലിച്ചത്. തങ്ങളുടെ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും എന്തും നേടിയെടുക്കാനുള്ള അവസരമായാണ് സിപിഎം നേതാക്കള്‍ ഭരണത്തെ ഉപയോഗിച്ചത്. അവരുടെ ഇഷ്ടത്തിന് വഴങ്ങാത്തതിനാലാണ് നവീന്‍ ബാബുവിനെ പരസ്യമായ അധിക്ഷേപിച്ചത്. ഇത്തരത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ സമ്മര്‍ദ്ധത്തിലൂടെയും ഭീഷണിയിലൂടെയും നേടിയിട്ടുണ്ടെന്ന് വിശദമായ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *