എഡിഎം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ
മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥ റവന്യു വകുപ്പ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിന്റെ മൊഴിയെടുപ്പിന് ശേഷമാണ് അരുണ്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രിയെ നേരില്‍കണ്ട് വിശദീകരണം നല്‍കുകയായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം പിണറായിയിലെ വീട്ടിലെത്തിയാണ് വിശദീകരണം നല്‍കിയത്. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. യാത്രയയപ്പില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെന്നാണ് വിവരം.
കളക്ടര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവധിയില്‍ പോകാമെന്നും രാജി വെക്കാമെന്നും കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഏകദേശം ഏഴ് മണിക്കൂറാണ് ഗീത ഐഎഎസ് അരുണിന്റെ മൊഴിയെടുപ്പ് നടത്തിയത്. പരാതിക്കാരന്‍ പ്രശാന്തന്റെയും മൊഴിയെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആവശ്യമെങ്കില്‍ ഇനിയും മൊഴിയെടുക്കുമെന്നും ഗീത അറിയിച്ചു.
എന്നാല്‍ മൊഴിയെടുക്കുന്നതില്‍ നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എ ഗീതയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.