നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

0

ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് വൈകാരിക യാത്രയയപ്പ് നല്‍കി ജന്മനാടായ മലയാലപ്പുഴ. നവീന്‍ ബാബുവിനെ അവസാനമായി ഒരു നോക്കുകാണാനായി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നാട്ടുകാരുമായി ആയിരത്തോളം പേരാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തിയത്. മന്ത്രിമാരായ വീണാ ജോര്‍ജ്, കെ രാജന്‍ എന്നിവരും സംസ്‌കാര ചടങ്ങിനെത്തി. മൃതദേഹം ചിതയിലേക്ക് എടുക്കാന്‍ നവീന്റെ ബന്ധുക്കള്‍ക്കൊപ്പം മന്ത്രി കെ രാജനും കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ചേര്‍ന്നു. മന്ത്രി വീണാ ജോര്‍ജ് നവീന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കൂടെ ജോലി ചെയ്തിരുന്നവര്‍ക്കും നാട്ടുകാര്‍ക്കും നല്ലതുമാത്രമേ നവീന്‍ ബാബുവിനെക്കറിച്ച് ഓര്‍ക്കാനും പറയാനുമുണ്ടായിരുന്നുള്ളൂ. നവീന്റെ ചേതനയറ്റ ശരീരം കണ്ട് ദിവ്യ എസ് അയ്യര്‍ വിതുമ്പിക്കരഞ്ഞത് വേദനാജനകമായ കാഴ്ചയായി. തഹസീല്‍ദാര്‍ എന്ന നിലയില്‍ നവീന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നെന്ന് നാട്ടുകാരും സഹപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തി. എപ്പോഴും സൗമ്യമായി ഇടപെടുന്ന നാട്ടുകാരനേയും സഹോദരനേയുമാണ് നാടിന് നഷ്ടപ്പെട്ടത്. കുത്തുവാക്കുകളില്ലാത്ത, എല്ലാവര്‍ക്കും നല്ലതും മാത്രം പറയാനുള്ള ഈ യാത്രയയപ്പിനെ നാടും നാട്ടുകാരും കണ്ണീരോടെ വരവേറ്റു. നവീന്‍ ജന്മനാട്ടിലേക്ക് ട്രാന്‍സ്ഫറായി വരുന്നതറിഞ്ഞ് ഉത്സാഹത്തോടെ റെയില്‍വേസ്‌റ്റേഷനില്‍ കാത്തുനിന്നിരുന്ന ആ കുടുംബം നവീന്റെ ചേതനയറ്റ ശരീരത്തിനരികില്‍ ഹൃദയം തകര്‍ന്നുനില്‍ക്കുന്ന കാഴ്ച കണ്ടുനിന്ന എല്ലാവരിലും വിഷാദം നിറച്ചു.

കണ്ണൂരിലെ യാത്രയയപ്പ് യോഗത്തിനിടെ പിപി ദിവ്യ നടത്തിയ അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. യാത്രയയപ്പിനുശേഷം രാത്രി മലബാര്‍ എക്സ്പ്രസില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു നവീന്‍ബാബു. അദ്ദേഹത്തെ കൂട്ടാന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഭാര്യയും കോന്നി തഹസില്‍ദാരുമായ മഞ്ജുഷയും മക്കളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുകയുംചെയ്തു. നവീനെ കാണാത്തതിനെത്തുടര്‍ന്ന് കുടുംബം കണ്ണൂരിലെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷംസുദ്ദീനെ വിളിക്കുകയും ഇയാള്‍ രാവിലെ പള്ളിക്കുന്നിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴ്സിലെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്. നവീനിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *