കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം
പി പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം.തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോർഡ് വച്ചതിൽ വൻതുകയാണ് കാർട്ടൺ കമ്പനി ഈടാക്കിയത്. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോർഡ് മൂന്ന് ലക്ഷം രൂപയ്ക്കാണ് കാർട്ടൺ ചെയ്ത് നൽകിയത്. കണ്ണൂരിലുള്ള പല പഞ്ചായത്തുകളിലും പല കരാറുകളും എടുത്തിരിക്കുന്നത് കാർട്ടണാണ്. ഒരു കമ്പനിക്ക് മാത്രം കോടികളുടെ പ്രവർത്തികളാണ് കിട്ടുന്നത്.
പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻഡ് ആയ ശേഷമാണിത്. ദിവ്യ ചുമതലയേറ്റ ശേഷമാണ് കമ്പനി തന്നെ രൂപീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനിയുടെ എം ഡി. ഇരിണാവ് സ്വദേശിയാണ് ഇയാൾ. കമ്പനി രൂപീകരിച്ചതിന് ശേഷമാണ് ഇയാൾക്ക് പാർട്ടി അംഗത്വം കിട്ടിയത്. 2021 ഓഗസ്റ്റ് 1-നാണ് കമ്പനി രൂപീകരിച്ചത്. മൂന്ന് കൊല്ലത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ മാത്രം നൽകിയത് 12 കോടിയിലേറെ രൂപയുടെ പ്രവർത്തികളാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.