ടി വി പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കാൻ തീരുമാനം
എഡിഎം നവീൻ ബാബുവിനെതിരെ പരാതി നൽകിയ ടി വി പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പുറത്താക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം . നടപടികൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു തരത്തിലും അങ്ങനെയുള്ള ഒരാളെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല. പ്രാഥമികമായ ചില വിവരങ്ങളാണ് പ്രിൻസിപ്പൽ ഡിഎംഇയ്ക്ക് നൽകിയിട്ടുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്. ഇയാൾ സർക്കാർ ജീവനക്കാരൻ ആയിട്ടില്ല. എന്നാൽ സർക്കാർ ജീവനക്കാരൻ ആകാനുള്ള റെഗുലറൈസ് പ്രക്രിയയുടെ പട്ടികയിൽ ഉള്ള ആളാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പെട്രോൾ പാമ്പിൻ്റെ അപേക്ഷകൻ പ്രശാന്തൻ ആണോ എന്ന് അറിയില്ലെന്നും സംഭവത്തിന് ശേഷം അയാൾ ജോലിക്ക് വരുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്ത് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഇനി റെഗുലറൈസ് ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിയമ ഉപദേശം കൂടി തേടിയിട്ടുണ്ട്. ഡിഎംഇയോടും സൂപ്രണ്ടിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ നാളെ പരിയാരത്ത് പോകുമെന്നും മന്ത്രി പറഞ്ഞു.
പരിയാരം മെഡിക്കൽ കൊളേജ് ജീവനക്കാരൻ എന്ന് അറിഞ്ഞപ്പോൾ തന്നെ റിപ്പോർട്ട് തേടിയിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡിഎംഒയെ അറിയിച്ച റിപ്പോർട്ട് തൃപ്തികരമല്ല. അതിനാലാണ് അഡീഷണൽ ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അന്വേഷിക്കാൻ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെ ഒരു അപേക്ഷ കൊടുത്തിട്ടുണ്ടോ ഇയാളാണോ അപേക്ഷകൻ ഇക്കാര്യങ്ങൾ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ല എന്ന് ഡിഎംഎയെ അറിയിച്ചുവെന്നാണ് പറയുന്നത്. അതുകൊണ്ടാണ് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അഡീഷനൽ ചീഫ് സെക്രട്ടറി തന്നെ അന്വേഷണം നടത്തുന്നത്.