ഹേമ കമ്മിറ്റി റിപ്പോർട്ട്; സജിമോൻ പാറയിൽ നൽകിയ ഹർജി സുപ്രീം കോടതി തള്ളി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കുന്നതിനെ ചോദ്യം ചെയ്ത് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സ്റ്റേ നൽകുന്ന കാര്യം അടുത്ത തവണ പരിഗണിക്കാമെന്ന് സുപ്രിംകോടതി പ്രതികരിച്ചു.ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ച നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അടിയന്തിരമായി പരിഗണിക്കണമെന്ന്ചൂണ്ടിക്കാട്ടി സജിമോൻ പാറയിലിന്റെ അഭിഭാഷകൻ കോടതിയിൽ കത്ത് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി ഇന്ന് പരിഗണിക്കാൻ തീരുമാനിച്ചത്.