മഴയ്‌ക്കൊപ്പം ശക്തമായ ഇടി; കണ്ണൂരിൽ കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി

0

മഴ തിമിര്‍ത്തു പെയ്യുന്നതിനിടെ കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി. ചെറുപുഴ സ്വദേശി സണ്ണിയുടെ വീട്ടിലെ കിണറ്റിലെ വെള്ളമാണ് നേരം ഇരുട്ടി വെളുത്തപ്പോഴേയ്ക്കും അപ്രത്യക്ഷമായത്. കിണറിന് നാല്‍പത് അടി താഴ്ചയുണ്ട്. ഇതിന് പുറമേ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറുമുണ്ട്. രണ്ടിലും വെള്ളമില്ലാത്ത അവസ്ഥയാണ്.

സാധാരണനിലയില്‍ കിണറ്റില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളവുമുണ്ടാകും. മഴക്കാലമാകുമ്പോള്‍ കിണര്‍ നിറയും. എന്നാല്‍ ഇപ്പോള്‍ ഒരു തൊട്ടി വെള്ളം പോലും കോരാന്‍ കഴിയാത്ത അവസ്ഥയാണ്. മോട്ടര്‍ ഉപയോഗിച്ച് കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. ഇതോടെ സമീപവാസിയുടെ കിണറ്റില്‍ നിന്ന് സണ്ണിയുടെ കിണറ്റിലേക്ക് വെള്ളം പമ്പ് ചെയ്ത് നിറച്ചു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വെള്ളവും അപ്രത്യക്ഷമായി.

സമീപത്തെ വീടുകളിലൊന്നും ഈ പ്രശ്‌നമില്ലെന്നാണ് സണ്ണി പറയുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിയുമുണ്ടായിരുന്നു. ഈ സമയം ഭൂമിക്കടിയില്‍ നിന്ന് ശബ്ദം കേട്ടതായും സണ്ണി പറയുന്നു. കിണറ്റിലെ വെള്ളം അപ്രത്യക്ഷമായതിനും ഭൂമിക്കടിയില്‍ നിന്ന് കേട്ട ശബ്ദത്തിനും എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയമുള്ളതായും സണ്ണി പറയുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *