ആറളം ഫാമിൽ വാനരപ്പടയുടെ വിളയാട്ടത്തിൽ കനത്ത നാശം
ആറളം ഫാമിൽ വാനരപ്പടയുടെ വിളയാട്ടത്തിൽ കനത്ത നാശം.ഫാം സെൻട്രൽ നഴ്സറിയിൽ പോളിഹൗസിൽ വളർത്തിയ 4500 ഓളം അത്യുൽപാദന ശേഷിയുള്ള ബഡ് കശുമാവിൻ തൈകളും 271 ഡബ്യു.സി.ടി കുറ്റ്യാടി തെങ്ങിൻ തൈകളും പൂർണ്ണമായും നശിപ്പിച്ചു. കാട്ടാനക്കൂട്ടത്തിന് പിന്നാലെ വാനരക്കൂട്ടവും ആറളം ഫാമിന് തലവേദനയാകുന്നു.കൂട്ടമായെത്തിയ കുരങ്ങുകൂട്ടം ഫാം സെൻട്രൽ നഴ്സറിയിൽ ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടംമാണ്. പോളി ഹൗസിനുള്ളിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷീറ്റ് വലിച്ചുകീറിയാണ് കുരങ്ങിൻകൂട്ടം ഉള്ളിലേക്ക് പ്രവേശിച്ചത്. വൈകീട്ട് തൊഴിലാളികളും ജീവനക്കാരുമെല്ലാം ജോലി കഴിഞ്ഞ് മടങ്ങിയ സമയത്താണ് വിളയാട്ടം.
അത്യുൽപാദന ശേഷിയുള്ള പ്രിയങ്ക, കനക, സുലഭ ഇനത്തിൽപ്പെട്ട തൈകളാണ് നശിപ്പിച്ചത്. തൈകളെല്ലാം വിൽപനക്ക് തയാറായ നിലയിൽ എത്തിയിരുന്നു. പോളിത്തീൻ പാക്കറ്റിൽനിന്ന് തൈകൾ കടിച്ചുവലിച്ചും പൊട്ടിച്ചും ചിതറിക്കിടക്കുകയാണ്. 100രൂപക്ക് വിൽപനക്ക് തയാറായ തെങ്ങിൻ തൈകളും വ്യാപകമായി നശിപ്പിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.വാനരപ്പടയുടെ വിളയാട്ടത്തിൽ ഫാമിലെ തെങ്ങുകളെല്ലാം കാലിയായി. ഫാമിന്റെ വരുമാനത്തിൽ മൂന്നിൽ രണ്ട് ഭാഗവും തെങ്ങിൽ നിന്നാണ് ലഭിച്ചിരുന്നത്. പത്തായിരം തെങ്ങുകൾ കാട്ടാനക്കൂട്ടം കുത്തിവീഴ്ത്തി. അവശേഷിക്കുന്ന തെങ്ങകളിൽനിന്ന് വരുമാനമെന്നും ലഭിക്കുന്നില്ല. കാട്ടാന ശല്യത്തിൽനിന്ന് ഫാമിനെ രക്ഷിക്കാനായി കോടികൾ മുടക്കി ആനമതിലും കൃഷി ബ്ലോക്കുകൾക്ക് പ്രത്യേകം തൂക്കു വേലി സ്ഥാപിച്ചിട്ടും ഉണ്ട്.