പലിശയില്ലാതെ സ്വർണവായ്പ; തട്ടിപ്പിന് പിറകില്‍ വൻ സംഘം
പലിശയില്ലാതെ സ്വർണവായ്പ വാഗ്ദാനം ചെയ്ത് ജില്ലയിലും സമീപ ജില്ലകളിലും നടക്കുന്ന തട്ടിപ്പിന് പിറകില്‍ വൻ സംഘം .തലശ്ശേരിയിലെ വ്യാപാരിയും, പെരിങ്ങത്തൂർ അണിയാരം സ്വദേശിയുമായ തട്ടിപ്പ് സംഘത്തിലെ അംഗത്തിന്റെ വീട്ടിലേക്ക് ഇരകളായ സ്ത്രീകള്‍ സംഘടിച്ചെത്തി.സംഭവം അറിഞ്ഞ് ചൊക്ലി പൊലിസും സ്ഥലത്തെത്തിയിരുന്നു. നാല് വർഷത്തിനിടെ സംഘം നടത്തിയ തട്ടിപ്പില്‍ നൂറു കണക്കിനാളുകള്‍ ഉള്‍പ്പെട്ടതായും 100 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്തതുമായാണ് വിവരം.നിരവധി പ്രമുഖർ ഇതില്‍ കണ്ണികളായി പ്രവർത്തിച്ചതായും റിപ്പോർട്ടുണ്ട്. തട്ടിയെടുത്ത സ്വർണം തലശ്ശേരിയിലെ ജ്വല്ലറി മുഖേന ഉരുക്കി മുംബൈയിലെത്തിച്ച് വില്‍പന നടത്തിയതായാണ് വിവരം.
തലശ്ശേരി ഹാർബർ സിറ്റി കോംപ്ലക്സില്‍ അല്‍മാസ് ജ്വല്ലറി എന്ന പേരില്‍ ബോർഡ് വെച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. ജ്വല്ലറി ഉടൻ തുറക്കുമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പ്രവർത്തിച്ചത്.പണയം വെച്ചവർ ഒരു വർഷത്തിനു ശേഷം സമീപിച്ചപ്പോള്‍ സ്വർണപണയത്തിന് നല്‍കിയ തുകയുടെ പകുതി ഏല്‍പിച്ചാല്‍ ഒരു മാസത്തിനകം സ്വർണം തിരികെ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വേറെയും തട്ടിയിട്ടുണ്ട്.സംഘത്തിന് വേണ്ടി പണം കൈപറ്റിയ ന്യൂമാഹി പെരിമഠം സ്വദേശിനിയായ യുവതിയുടെ വീടും ഇരകള്‍ ഉപരോധിച്ചു. സംഭവമറിഞ്ഞ് ന്യൂമാഹി പൊലീസും സ്ഥലത്തെത്തി.
വില്‍പന നടത്തിയ പണം സംഘം പലയിടങ്ങളിലായി നിക്ഷേപിച്ചതായും അറിയുന്നു. കണ്ണൂർ ജില്ലയിലെ തളിപറമ്പ്, എടക്കാട്, പിണറായി, ധർമടം, തലശേരി, ചക്കരക്കല്ല്, കൂത്തുപറമ്പ്, പേരാവൂർ, കണ്ണൂർ സിറ്റി, വളപട്ടണം, അഴീക്കോട്, പാനൂർ, കൂരാറ ,ചമ്പാട് പൊന്ന്യം, പെരിങ്ങളം, കരിയാട്, ചൊക്ലി, കൊളവല്ലൂർ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം, എടച്ചേരി, വളയം, വാണിമേല്‍ എന്നിവിടങ്ങളിലെ നൂറുകണക്കിനാളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.ഇതില്‍ സ്ത്രീകളാണ് കൂടുതലും. എടക്കാട് പൊലിസ് സ്റ്റേഷനില്‍ മാത്രമാണ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പേരെ എടക്കാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.