വെടിക്കെട്ടപകടം; വീരര്‍കാവ് ക്ഷേത്രത്തില്‍ സിപിഐഎം – ബിജെപി തര്‍ക്കം
കാസര്‍ഗോഡ് നീലേശ്വരത്ത് വെടിക്കെട്ടപകടം ഉണ്ടായ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ സന്ദർശനം നടത്തവേ സിപിഐഎം – ബിജെപി തര്‍ക്കം. വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ബിജെപി കേരള സര്‍ക്കാരിനെ വിമര്‍ശിക്കുകയും അത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയുമായിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉള്‍പ്പടെയുള്ളവര്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. അതിനിടയില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് രതീഷും സംഭവ സ്ഥലത്തേക്ക് എത്തി. ശേഷമായിരുന്നു വാക്കേറ്റം. ക്ഷേത്രത്തിലേക്ക് വന്ന സമയം കണ്ട കാഴ്ചയും ബോധ്യപ്പെട്ട കാര്യങ്ങളും മാധ്യമങ്ങളോടും ജനങ്ങളോടും പറയുകയാണ് തങ്ങള്‍ ചെയ്തതെന്ന് ബിജെപി ഭാരവാഹികള്‍ പറഞ്ഞു.വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഐഎമ്മും വ്യക്തമാക്കുന്നു. നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ അനാസ്ഥയുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.