തൃശൂര്‍പൂരം വെടിക്കെട്ടിന് ഇളവുനല്‍കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി
വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് ഇളവുനല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതുവഴി പൂരത്തിന് തേക്കിന്‍കാട് മൈതാനം വേദിയാക്കുന്നത് അസാധ്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കത്തില്‍ എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരത്തെ തകര്‍ക്കുന്ന പുതിയ നിബന്ധനകള്‍ പിന്‍വലിക്കണമെന്ന് കത്തില്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍ പൂരം പോലെയുള്ള ഉത്സവങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കരുതെന്നും കത്തിലുണ്ട്.
തേക്കിന്‍കാട് മൈതാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കുമ്പോള്‍ സാംസ്‌കാരികവും മതപരവുമായ പ്രധാന്യത്താല്‍ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന തൃശൂര്‍ പൂരം, പ്രതികൂല നിബന്ധനകളില്‍ പരമ്പരാഗത രൂപത്തില്‍ നടത്തുക അസാധ്യമാകുമെന്നതടക്കം കത്തില്‍ എംപി ഒന്നൊന്നായി ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി കര്‍ശന സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് പൂരം നടത്തുന്നത്. പുതിയ വ്യവസ്ഥകള്‍ അനാവശ്യമാമാണ്. ഫയര്‍ലൈനും മാഗസിനും തമ്മില്‍ 200 മീറ്റര്‍ അകലം വേണമെന്ന നിബന്ധന അപ്രായോഗികവും. 2008ലെ നിയമമനുസരിച്ച് 45 മീറ്റര്‍ ആയിരുന്ന ദൂരം 200 മീറ്ററായി ഉയര്‍ത്തുമ്പോള്‍ തേക്കിന്‍കാട് മൈതാനത്തെ പൂരം വെടിക്കെട്ടിന് പുതിയ ദൂര നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും എംപി കത്തില്‍ പറയുന്നുണ്ട്.
വെടിക്കെട്ട് സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെ ജനക്കൂട്ടത്തെ നിയന്ത്രിക്കുമ്പോള്‍ പൂരം അകലെ നിന്ന് കാണേണ്ട സാഹചര്യമാണുണ്ടാവുക. വെടിക്കെട്ട് സമയത്ത് വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്ന വെടിക്കെട്ടുപുര ഒഴിയുമെന്നതുപോലും കണക്കിലെടുക്കാതെയാണ് ഫയര്‍ലൈനും വെടിക്കെട്ടുപുരയും തമ്മില്‍ 100 മീറ്റര്‍ അകലം വേണമെന്ന പുതിയ നിബന്ധന. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അനുമതി വാങ്ങണമെന്ന നിബന്ധന യുക്തിരഹിതമാണെന്നും അദ്ദേഹം കത്തിലൂടെ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.