പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയചർച്ച ഉച്ചയ്ക്ക് 12 മണിക്ക്
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയചർച്ച ഉച്ചയ്ക്ക് 12 മണിക്ക്. രണ്ട് മണിക്കൂറായിരിക്കും ചർച്ച നടക്കുക. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത്തെ അടിയന്തരപ്രമേയ ചർച്ചയാണിത്.എഡിപിജി എംആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടികാഴ്ച നിയമസഭയിൽ ചർച്ചയാകും. വിഷയം അടിയന്തരപ്രമേയമായി ചർച്ചചെയ്യാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷത്തിന്‍റെ നോട്ടീസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.
അതേസമയം, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ തിങ്കളാഴ്ച നിയമസഭയിൽ അസാധാരണ സംഘർഷമാണ് ഉണ്ടായത്. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറിയ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിൽ കൈയാങ്കളിയുണ്ടായി. സ്പീക്കർ എ എൻ ഷംസീർ സംഘർഷം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് മാത്യു കുഴൽനാടൻ സ്പീക്കറുടെ വേദിയിലേക്ക് തള്ളിക്കയറി. ഒപ്പം അൻവർ സാദത്ത്, സി ആർ മഹേഷ്, ഐസി ബാലകൃഷ്ണൻ തുടങ്ങിയവരും.