ADM ന്റെ മരണം; ഇന്ന് കൂടുതൽ നടപടിക്ക് സാധ്യത
നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട റവന്യു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകാൻ സാധ്യത. കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയനെ മാറ്റുന്നതടക്കമുള്ള നടപടികളാകും സർക്കാർ സ്വീകരിക്കുക. മൊഴിയെടുക്കൽ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് എത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീത ചൊവ്വാഴ്ച റിപ്പോർട്ട് അന്തിമമാക്കിയതായാണ് വിവരം.വൈകുന്നേരം മുഖ്യമന്ത്രി അടക്കം പങ്കെടുത്ത പരിപാടിയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്കു നടപടിയുണ്ടാകുമെന്നും മന്ത്രി കെ. രാജൻ സൂചിപ്പിച്ചു.
ഇന്നു മന്ത്രിസഭായോഗം നടക്കുന്നതിനാൽ ഇതിനു മുൻപുതന്നെ റിപ്പോർട്ട് നൽകണമെന്നാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറോട് റവന്യു മന്ത്രി നിർദേശിച്ചിട്ടുള്ളത്. റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു പോകുമോ എന്ന കാര്യം വ്യക്തമല്ല.എഡിഎമ്മായിരുന്ന നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനാണെന്ന നിലപാട് റവന്യുമന്ത്രി ചൊവ്വാഴ്ചയും ആവർത്തിച്ചു. പെട്രോൾ പമ്പിന്റെ എൻഒസിയുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു വീഴ്ച വരുത്തിയിട്ടില്ലെന്ന് ഗീതയുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങിയതിനും പ്രാഥമിക ഘട്ടത്തിൽ രേഖയോ സാഹചര്യത്തെളിവോ ലഭ്യമായിരുന്നില്ല. പല ഫയലുകളിലും പരാതികളിലും വ്യത്യസ്ത പേരാണ് പ്രശാന്തൻ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ.